ഇറ്റാനഗർ: മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. വൻകൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ഏതാനും ആഴ്ചകളായി കനത്ത മഴയുണ്ടായുണ്ടായിരുന്നെങ്കിലും രണ്ടുദിവസമായി മഴയുണ്ടായിരുന്നില്ല. മഴ മുന്നറിയിപ്പുകളൊന്നുമില്ലാതിരിക്കെ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഈറ്റനഗറിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്യുന്നത്.
മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായ ദേശീയപാത 415 ൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങി കിടക്കുന്നത്.
നദിക്കരയിലേക്കും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും പോകരുതെന്ന് മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകി. കനത്ത മഴ കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചതായി അധികൃതർ അറിയിച്ചു. ഏഴ് സ്ഥലങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി സജ്ജമാക്കിയിട്ടുണ്ട്.