ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്തു. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് എൻടിഎ അറിയിച്ചു. ബീഹാറിൽ മാത്രം 17 വിദ്യാർത്ഥികളെയാണ് എൻടിഎ ഡീ ബാർ ചെയ്തത്.
അതേസമയം, വിവാദത്തെ തുടര്ന്ന് ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല.
സുപ്രിം കോടതി ഉത്തരവിനെത്തുടർന്നാണ് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.
മെയ് 5 ന് നടന്ന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർഥികളുടെ ഫലം റദ്ദാക്കിയിരുന്നു. അവർക്ക് വേണ്ടിയാണ് ഇന്ന് പരീക്ഷ നടത്തിയത്. ജൂൺ 30 ന് ഫലം പ്രഖ്യാപിക്കും. അതെസമയം ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിവാദമായതിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ പദവിയിൽ നിന്ന് നീക്കി. പ്രദീപ് സിങ് കരോളക്ക് എൻ.ടി.എ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐ അന്വേഷണ സംഘത്തിന് നേരെ ആക്രമണമുണ്ടായി. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ആക്രമണം നടത്തിയ 6 പേർ അറസ്റ്റിലായി.