സ്വദേശിവൽക്കരണ പദ്ധതിയുടെ ഭാഗമായി യുഎഇയിൽ അർധ വാർഷിക ലക്ഷ്യമായ 1% പൂർത്തിയാക്കാൻ ഒരാഴ്ച മാത്രം. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.
2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ജൂൺ 30ഓടെ മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 5% സ്വദേശിവൽക്കരണം പൂർത്തിയാക്കണം.
വർഷാവസാനത്തോടെ ഇത് മൊത്തം 6% ആക്കി ഉയർത്തണം. അടുത്ത വർഷങ്ങളിലെ 2% വീതം ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കമ്പനികൾ നിയമം പാലിച്ചെന്ന് ഉറപ്പാക്കാൻ പരിശോധന ഊർജിതമാക്കി. 2 വർഷത്തിനിടെ നടന്ന പരിശോധനയിൽ 1400ഓളം കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും കുറഞ്ഞ ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു.