ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം തുടങ്ങിയ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ നീറ്റ് ക്രമക്കേടിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കേസില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനായി സംഘത്തിലെ അംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചു.
കേസന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് നീറ്റ് ക്രമക്കേടിൽ ഇതുവരെ അന്വേഷണം നടത്തിയത്. അതിന്റെ റിപ്പോർട്ടുകൾ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും വിദ്യാഭ്യാസമന്ത്രാലയത്തിനും സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐക്ക് കേസ് കൈമാറാൻ കേന്ദ്രം തീരുമാനിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, ഗ്രേസ് മാര്‍ക്ക് നല്‍കിയ 1563 വിദ്യാര്‍ഥികള്‍ക്കുള്ള നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടന്നു. മെഡിക്കല്‍ പരീക്ഷ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നീറ്റ് പിജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയമുണ്ടായത്. ക്രമക്കേടിന് സാധ്യത തിരിച്ചറിഞ്ഞതോടെ പരീക്ഷ ബോര്‍ഡ് പോലീസില്‍ പരാതി നല്‍കി. പരീക്ഷ മാറ്റിവച്ചെന്ന് ഇന്നലെ രാത്രിയാണ് അറിയിച്ചത്.