പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നത്. ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല. ഭരണവിരുദ്ധ വികാരം തോൽവിയിൽ ആഞ്ഞടിച്ചുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.
ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പ്രതിനിധികൾ പറഞ്ഞു. ഡോ ടി എം തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും അതിനാൽ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
പൊതുവേദികളിൽ ഇത്തരത്തിൽ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയ്ക്കെതിരെ ജനവിധിയുണ്ടാകുമെന്ന അഭിപ്രായം ഭൂരിഭാഗം അംഗങ്ങളും പങ്കുവച്ചു. തെരഞ്ഞെടുപ്പിൽ 30,000-ൽ അധികം വോട്ടുകൾ ഇടതുപക്ഷത്തിന് പത്തനംതിട്ടയിൽ നഷ്ടമായിട്ടുണ്ട്. നല്ലരീതിയിൽ വോട്ടുചോരുന്ന സ്ഥിതിയുണ്ടായി. ഇത് ചൂണ്ടിക്കാട്ടി വോട്ടുമറിച്ചുവെന്ന ആരോപണവും ചില അംഗങ്ങൾ ഉന്നയിച്ചു.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് പോലും ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണ്. പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒരു കാര്യവും നടക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റിയിലും കടുത്ത ഭാഷയിലാണ് നേതാക്കൾക്ക് നേരെ വിമർശനം ഉയർന്നത്. പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രിയുടെയും ഇ പി ജയരാജന്റെയും എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും പേരെടുത്ത് പറഞ്ഞാണ് സമിതി അംഗങ്ങളുടെ വിമര്‍ശനം. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്തിന് കണ്ടെന്ന് വിശദീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും ഇക്കാര്യം ആവശ്യപ്പെട്ടു.