പുതിയ ചെലവ് കുറഞ്ഞ എയർലൈൻ ആരംഭിക്കാൻ അവസരമൊരുക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് താൽപ്പര്യമുള്ള കമ്പനികൾക്ക് ഓപ്പറേറ്റിംഗ് ലൈസൻസ് നേടാൻ ആഗസ്ത് ആദ്യവാരം വരെ സമയമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സിഎഎ ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രി അറിയിച്ചു.
ഒമാൻ ഒബ്‌സർവറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ആറ് പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് പുറമെ കൂടുതൽ വിമാനക്കമ്പനികളെ രാജ്യത്ത് നിന്ന് സർവീസ് നടത്താൻ പ്രോത്സാഹിപ്പിക്കാനും സിഎഎ ശ്രമിക്കുന്നുണ്ട്. ‘എക്‌സ്പ്രഷൻ ഓഫ് ഇൻററസ്റ്റാണ് പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള കക്ഷികളിൽ നിന്നുള്ള ഫീഡ്ബാക്കിനായി കാത്തിരിക്കുകയാണ് ഞങ്ങൾ, തുടർന്ന് ഈ മേഖലയുടെ ആവശ്യം വിലയിരുത്തുകയും അതിനനുസരിച്ച് അടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും.
താൽപ്പര്യമുള്ള കക്ഷികൾക്ക് പ്രതികരിക്കാൻ ആഗസ്ത് അഞ്ച് വരെ സമയമുണ്ട്’ നായിഫ് ബിൻ അലി അൽ അബ്രി പറഞ്ഞു. രാജ്യത്തെ വ്യോമയാന രംഗം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമാണെന്നും കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാൻ ഇക്കാര്യം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാർക്കറ്റ് സ്രോതസ്സുകൾ അനുസരിച്ച്, മാർക്കറ്റ് സർവേ ചെയ്യുന്നതിനുള്ള ഓർഗനൈസേഷനുകളുടെ ടെൻഡറിംഗ് പ്രക്രിയയുടെ പ്രാരംഭ ഘട്ടമാണ് എക്‌സ്പ്രഷൻ ഓഫ് ഇൻററസ്റ്റ്. സാധ്യതയുള്ള ലേലക്കാരെ പരിശോധിക്കുന്നതിനുള്ള ഒരു പ്രീ-ടെൻഡർ രേഖയാണിത്. ഒമാന് 2017 മുതൽ തന്നെ ഒരു ബജറ്റ് എയർലൈൻ ഉള്ളതിനാൽ പുതിയ ലോ കോസ്റ്റ് വിമാനക്കമ്പനിക്ക് ലൈസൻസ് നൽകുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. ഒമാനിലേക്ക് നേരിട്ട് വരാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് അവരുടെ രാജ്യങ്ങളിൽ നിന്ന് നേരിട്ട് കണക്റ്റിവിറ്റി നൽകുന്നതിന് കൂടുതൽ കാര്യങ്ങൾ ആവശ്യമാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയവും അടുത്തിടെ വ്യക്തമാക്കിയിരുന്നു.