തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കരിങ്കൊടി കാണിച്ച കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാറിനെയാണ് വീട്ടിൽ നിന്നും പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കന്റോൺമെന്റ് പൊലീസിന്റെ നടപടി.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ വഴുതക്കാട്ടെ റോസ് ഹൗസിനു മുന്നിൽ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു പ്രതിഷേധം. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വാഹനം തടഞ്ഞ കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഇതിനിടയിലാണ് പ്രതിഷേധക്കാരിലൊരാൾ മന്ത്രിയുടെ കാറിൽ കരിങ്കൊടി കെട്ടിയത്.
പ്ളസ് വൺ സീറ്റ് മൂന്നാംഘട്ട അലോട്ട്മെന്റ് വന്നിട്ടും അധിക ബാച്ചുകൾ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പൊലീസുകാർ കുറവായതിനാൽ പ്രതിഷേധക്കാരെ വേഗത്തിൽ തടയാനായില്ല. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. ഔദ്യോഗിക വസതിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൂടി എത്തി പ്രതിഷേധക്കാരെ നീക്കിയാണ് മന്ത്രിക്ക് വഴിയൊരുക്കിയത് . അഞ്ചുമിനിട്ടിലേറെ സമയം പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കികൊണ്ട് വാഹനത്തിന് ചുറ്റും നിന്നു. വാഹനത്തിലെ കരിങ്കൊടി പൊലീസ് അഴിച്ചു മാറ്റി.
എന്നാൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ മന്ത്രി സംസ്ഥാനത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്നും ആദ്യം കണക്ക് വായിക്കൂ എന്നും മാധ്യമങ്ങളോട് ആവർത്തിച്ചു.