വയനാട്: കേണിച്ചിറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസം രണ്ടു പശുക്കളെ കൊന്ന മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തിൽ ഞായറാഴ്ച രാത്രി വീണ്ടും കടുവ എത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചില്‍ അവസാനിപ്പിച്ചു പോയതിനു തൊട്ടു പിന്നാലെയാണ് തൊഴുത്തില്‍ കടുവയെത്തിയത്. കടുവ തൊഴുത്തിൽ കയറുന്ന ദൃശ്യം വീട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തി.
ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി കടുവയെ നേരിൽ കണ്ടിരുന്നു.
അതേസമയം, നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ കടുവയെ മയക്കുവെടി വയ്ക്കാൻ വനം വകുപ്പ് അനുമതി നൽകി. കെണിവെച്ച് പിടിക്കുന്നത് പരാജയപ്പെട്ടാൽ മാത്രമായിരിക്കും മയക്കുവെടിയിലേക്ക് നീങ്ങുക. പശുവിന്റെ ജഡവുമായി നാട്ടുകാർ ബത്തേരി-പനമരം റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് ഉത്തരവ് ഇറക്കിയത്.
ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്‍റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നിരുന്നു.
സംഭവത്തെതുടര്‍ന്ന് കടുവയുടെ ആക്രമണത്തിൽ ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിച്ചു.