കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റിയിലും വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ ആ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. മകനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന് ചെയ്തതുപോലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകാതിരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കടുത്ത ഭരണവിരുദ്ധ തരംഗമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ടായി.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു. ബിഷപ്പ് ഡോ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് അതിരുവിട്ട വാക്കുകളാണെന്നും വിമർശനമുയർന്നു. 30 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. അഞ്ച് പേർ അഭിപ്രായം എഴുതി നൽകുകയും ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിവിധ ജില്ലാ സിപിഐഎം, സിപിഐ ജില്ലാ കമ്മറ്റികളിലും കടുത്ത ഭാഷയിൽ വിമര്‍ശനമുയര്‍ന്നിരുന്നു. പാർട്ടി സെക്രട്ടറിയടക്കം ഇടതുപക്ഷത്തെ പല മുതിർന്ന നേതാക്കളും സ്വയംവിമർശനവും തിരുത്തും നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.