ബ്രിഡ്ജ്ടൗൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ യു.എസിനെതിരെ പത്ത് വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ. വെറും 9.4 ഓവറിൽ യുഎസ് ഉയർത്തിയ 115 റൺസ് ഇംഗ്ലണ്ട് മറി കടന്നു.
ക്യാപ്റ്റൻ ജോസ് ബട്ട്ലറിന്റെ വെടികെട്ട് ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്. 38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസിനെ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ക്രിസ് ജോർദാനാണ് തകർത്തത്. ആദിൽ റാഷിദ്, സാം കുറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. റീസ് ടോപ്ലെയും ലിവിങ്സ്റ്റണും ഓരോ വിക്കറ്റ് നേടി.
30 റൺസെടുത്ത നിതീഷ് കുമാർ, 29 റൺസെടുത്ത കൊറി ആൻഡേഴ്സൺ, 21 റൺസെടുത്ത ഹർമീത് സിങ് എന്നിവർ മാത്രമാണ് അമേരിക്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.