വയനാട്: വയനാട് കേണിച്ചിറയിൽ രണ്ട് പശുക്കളെയും ഒരു ആടിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാത്രി പശുവിനെ പിടിച്ച സാബുവിന്റെ വീടിന് സമീപത്തുള്ള കൂട്ടിലാണ് കടുവ വീണത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പിടിയിലായത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലായിരുന്നു.
നാല് ദിവസത്തിനുള്ള അഞ്ച് മൃഗങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്. കടുവയെ മയക്കുവെടി വെക്കാൻ വനംവകുപ്പ് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പശുക്കളെ കൊലപ്പെടുത്തിയ മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ തന്നെയാണ് ഇന്നും കടുവയെത്തിയത്. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചിരുന്നു.
കടുവ തൊഴുത്തിലെത്തിയതിന്റെ ദൃശ്യം പുറത്തുവന്നു. പശുക്കളെ കൊന്ന അതേ തൊഴുത്തിലാണ് കടുവയെത്തിയത്. കടുവയ്ക്ക് അവശതയുള്ളതായി സംശയമുണ്ട്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടിലുള്ള ഒരു ആടിനെ ചത്തനിലയില്‍ കണ്ടെത്തി.