തിരുവനന്തപുരം: ഇന്നു കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 ദിവസം സംസ്ഥാനത്തു പലയിടത്തും മഴ ശക്തമായി തുടരും. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടതിനാൽ പടിഞ്ഞാറൻ തീരമേഖലയിൽ അടുത്ത രണ്ടു ദിവസം കാലവർഷക്കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ജാഗ്രതാ നിർദേശമുണ്ട്. തീരദേശത്തും കനത്ത മഴ ലഭിക്കുമെന്നാണു സൂചന. ഒഡീഷയിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട 2 ചക്രവാതച്ചുഴികളാണു മഴ കനക്കാൻ കാരണം.