ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനത്തിന് ഇന്നു തുടക്കം. പുതിയ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയും നടക്കും. പ്രോ ടെം സ്പീക്കർ ഭർതൃഹരി മെഹ്‌താഭിന്റെ മുമ്പാകെ ലോക്സഭാ അംഗങ്ങൾ ഇന്ന് രാവിലെ മുതൽ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങും. 26നാണു സ്പീക്കർ തിരഞ്ഞെടുപ്പ്. 27 നു രാജ്യസഭയും സമ്മേളിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും.
അംഗങ്ങളുടെ സത്യപ്രതിജ്ഞയടക്കമുള്ള നടപടിക്രമങ്ങളാണ് അജൻഡയിലുള്ളതെങ്കിലും പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ഇന്ത്യാസഖ്യം രംഗത്തിറങ്ങും. പാർലമെന്റിൽ ഒറ്റക്കെട്ടായി മൂന്നാം മോദി സർക്കാരിനെ തുടക്കം മുതൽ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ നീക്കം.
ഒറ്റയ്ക്കു ഭൂരിപക്ഷം ഉണ്ടായിരുന്ന 2019 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പരിതാപകരമാണ് ബിജെപിയുടെ അവസ്ഥ. 240 എന്നതാണ് ഇപ്പോൾ അംഗസംഖ്യ. കഴിഞ്ഞ തവണ നേടിയതിനേക്കാൾ 63 സീറ്റിന്റെ കുറവാണ്. കോൺഗ്രസ് ആകട്ടെ 47 എന്ന സംഖ്യയിൽ നിന്നും 99 യിലേക്ക് അംഗബലം ഉയർത്തി. നെറ്റ് -നീറ്റ് പരീക്ഷ ക്രമക്കേടും ഓഹരി വിപണിയിൽ തട്ടിപ്പ് നടത്താൻ കൂട്ട് നിന്നതിനു മോദിയും അമിത്ഷായും ഉൾപ്പെടെയുള്ളവർക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷത്തിന്‍റെ പ്രധാന ആയുധങ്ങളാണ്.