ചപ്പാത്തിക്കൊപ്പം കഴിക്കാൻ ചിക്കാനോ മുട്ടക്കറിയോ അങ്ങനെ എന്തെങ്കിലും വേണം എന്നുള്ളത് ചിലരുടെയൊക്കെ നിർബന്ധമാണ്. അത്തരക്കാർക്കു വേണ്ടി ഒരു കിടിലൻ റെസിപ്പി ഇതാ. മുട്ടയും കാബേജും ചേർന്ന കാബേജ് മുട്ട കറി.
ആവശ്യമായ ചേരുവകള്‍
- കാബേജ് – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
- ഉപ്പ് – 1/4 ടീസ്പൂണ്‍
- മുട്ട – 5
- കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
- ഉപ്പ് – 1/2 ടീസ്പൂണ്‍
കറി തയ്യാറാക്കുന്നതിന്
- എണ്ണ – 3 ടേബിള്‍സ്പൂണ്‍
- കറുവപ്പട്ട – 1 കഷണം
- ഏലം – 2 * ഗ്രാമ്പൂ – 3
- ബിരിയാണി ഇല – 1
- കാപ്‌സിക്കം – 1
- വെളുത്തുള്ളി – പല്ല്
- ഇഞ്ചി – ചെറിയ കഷണം
- പച്ചമുളക് – 2
- ഉള്ളി – 2
- കറിവേപ്പില – 1 കുല
- ഗരം മസാല – 1 ടീസ്പൂണ്‍
- മുളകുപൊടി – 1 1/2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- തക്കാളി – 2 * വെള്ളം – 1 1/2 കപ്പ്
- തേങ്ങാപ്പാല്‍ – 1/2 കപ്പ്
- മല്ലിയില – അല്പം
തയ്യാറാക്കുന്ന വിധം
കറി തയ്യാറാക്കാന്‍ ആദ്യമായി ഒരു പാനില്‍ കാബേജ് അരിഞ്ഞ് അതിലേക് ഉപ്പ് ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റോളം തിളപ്പിക്കുക. ശേഷം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ഇതിലേക്ക് വേവിച്ച കാബേജ് ചേര്‍ക്കാവുന്നതാണ്. ശേഷം ഒരു ഇഡ്ഡലി പാത്രത്തില്‍ ഈ മുട്ട മിശ്രിതം ഒഴിച്ച് 5 മിനിറ്റ് തിളപ്പിച്ച് എടുത്ത് മാറ്റി വെക്കാവുന്നതാണ്. ഇത് നല്ലതുപോലെ വെന്തെന്ന് ഉറപ്പ് വരുത്തണം. ശേഷം പുഴുങ്ങിയ മുട്ട ഒരു പ്ലേറ്റില്‍ എടുത്ത് കത്തി ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 2 ടേബിള്‍സ്പൂണ്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി വേവിച്ച മുട്ട കഷ്ണങ്ങള്‍ ഇട്ട് ഗോള്‍ഡന്‍ നിറമാവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം അതേ പാനില്‍ വീണ്ടും 1 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ചതിന് ശേഷം ഇതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ഇല എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കാവുന്നതാണ്.
ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. അതിനുശേഷം ചെറുതായി അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വഴറ്റിയെടുക്കേണ്ടതാണ്. പിന്നീട് ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കുക. അടുത്തതായി ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് തക്കാളി വേവുന്നത് ഇളക്കിക്കൊടുക്കണം. തക്കാളി വെന്തതിന് ശേഷം ഇതിലേക്ക് 1 1/2 വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളച്ച് കുറുകി വരുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് 2 മിനിറ്റ് നന്നായി തിളപ്പിക്കുക. അവസാനം മാറ്റി വെച്ച മുട്ട ചേര്‍ത്ത് തിളപ്പിച്ച് മല്ലിയില കൂടി തൂവാകുന്നതാണ്.