തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (നോർത്ത്) ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവിൽ പോലീസ് ഓഫീസറെയാണ് തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കാണപെട്ടത്. ഇയാൾ താമസിച്ചുവന്നിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് C2 വിൽ കെട്ടിത്തൂങ്ങിയ നിലയിൽ കടുത്തുകയായിരുന്നു.
മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്ക്കൽ സ്വദേശിയാണ്. അഞ്ചുമാസത്തിലേറെയായി കോട്ടേഴ്സിൽ ഒറ്റയ്ക്കായിരുന്നു താമസം. അതേസമയം ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം കേരളത്തിൽ ഉയർന്നു വരികയാണ്. മാർച്ചിൽ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ.ആർ. ബാബുരാജിൻ്റെ (49) മൃതദേഹം അങ്കമാലി പുളിയനത്തെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.
സ്‌പെഷ്യൽ ബ്രാഞ്ചിൽ ഏറെ നാളത്തെ സേവനത്തിന് ശേഷം ആലുവ ഈസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാൽ സ്ഥലംമാറ്റവുമായി പൊരുത്തപ്പെടാൻ ഇദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. പോലീസ് സേനയിലെ അംഗങ്ങൾക്കിടയിൽ ആത്മഹത്യാ മരണങ്ങൾ കൂടുതലായി തുടരുന്ന സാഹചര്യത്തിൽ, മാനസിക ആഘാതവും മറ്റ് പ്രശ്നങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു സപ്പോർട്ട് ഗ്രൂപ്പ് ആരംഭിക്കുന്നതിനുള്ള നടപടി എറണാകുളം റൂറൽ ഡിവിഷൻ അടുത്തായി ആരംഭിച്ചിരുന്നു.