മലയാളികൾക്ക് വളരെ അധികം ഇഷ്ടപെടുന്നതാണ് തേങ്ങാ പാൽ ചേർത്ത എല്ലാ വിഭവങ്ങളും. എന്നാൽ രസത്തിൽ തേങ്ങാപ്പാൽ ചേർത്താൽ എങ്ങനെ ഇരിക്കും ? മുഖം ചുളിക്കാൻ വരട്ടെ, തമിഴ്നാട് സ്പെഷ്യലായ തേങ്ങാ പാൽ രസം തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
തേങ്ങാ പാൽ – 2 കപ്പ്
എണ്ണ – 2 സ്പൂൺ
കടുക് – 1 സ്പൂൺ
ചുവന്ന മുളക് -2 എണ്ണം
കറിവേപ്പില – 1 തണ്ട്
ഇഞ്ചി – 3 സ്പൂൺ ചതച്ചത്
വെളുത്തുള്ളി-2 സ്പൂൺ
കായ പൊടി – 1/2 സ്പൂൺ
മഞ്ഞൾ പൊടി-1/2 സ്പൂൺ
പച്ചമുളക് – 2 എണ്ണം
പുളി -ഒരു നെല്ലിക്ക വലിപ്പം.
വെള്ളം – 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
തേങ്ങാ പാൽ രസം തയ്യാറാക്കാൻ ചീന ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ചുവന്ന മുളക് ചേർത്ത് കറി വേപ്പില ചേർത്ത് അതിലേക്ക് ഇഞ്ചി ചതച്ചതും, വെളുത്തുള്ളി ചതച്ചതും ചേർക്കുക. ശേഷം കായപ്പൊടി, ജീരകപൊടി എന്നിവ കൂടെ ചേർത്ത് പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക. അതിലേക്ക് പുളി വെള്ളവും, സാധാരണ വെള്ളവും ചേർക്കുക. അതിലേക്ക് ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് കുറുകിയ തേങ്ങാ പാൽ കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചോറിനൊപ്പം വളരെ രുചികരമായ രസം ആണ് തേങ്ങാ പാൽ രസം.