Kerala

തട്ടില്‍ മരപ്പട്ടി ശല്യമുണ്ടോ?: രാജ്ഭവനിലേക്ക് കാര്‍പെന്ററെ വേണമെന്ന് പരസ്യം

തലസ്ഥാനത്തെ സര്‍ക്കാര്‍ മന്ദിരങ്ങളെല്ലാം പാണ്ഡവന്റെ കാലത്തേതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍പ്പെടുന്നതാണ് ഗവര്‍ണറുടെ രാജ്ഭവനും. വര്‍ഷങ്ങള്‍ക്കും മുമ്പേ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ആയതു കൊണ്ട് മിക്ക ഭാഗങ്ങളും തടികൊണ്ടാണ് പണിതിരിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗം തതടികൊണ്ടുള്ള തട്ടാണ്. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ വേഗത്തില്‍ നശിച്ചു പോകുന്ന കെട്ടിടങ്ങളാണിവ. അതുകൊണ്ടുതന്നെ ഈ കെട്ടിടങ്ങളുടെ മെയിന്റനന്‍സിനായി വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവാക്കുന്നുണ്ട് സര്‍ക്കാര്‍.

കുറച്ചു നാളുകള്‍ക്കു മുമ്പ് മുഖ്യമന്ത്രിയും കുടുംബവും താമസിക്കുന്ന ക്ലിഫ് ഹൗസിന്റെ മച്ചില്‍ മരപ്പട്ടി ശല്യം രൂക്ഷമായിരുന്നു. രാത്രിയില്‍ മരത്തടിയില്‍ തീര്‍ത്ത തട്ടിലൂടെ ഓടുന്നതും, ചാടുന്നതുമൊക്കെ മുഖ്യമന്ത്രിയുടെ ഉറക്കത്തെ ബാധിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയുമായിരുന്നു. തുടര്‍ന്ന് ക്ലിഫ് ഹൗസിന്റെ മെയിന്റനന്‍സ് നടത്താനും തീരുമാനിച്ചു. സിറ്റിക്കുള്ളിലെ മിക്ക മന്ത്രി മന്ദിരങ്ങളിലും മരപ്പട്ടി ശല്യം രൂക്ഷമാണ്. എന്നാല്‍, വലിയ പ്രശ്‌നമില്ലാതെ കഴിഞ്ഞു കൂടുന്ന മന്ത്രിമാരായതു കൊണ്ട് മരപ്പട്ടി ശല്യം പുറത്തു വരുന്നില്ലെന്നു മാത്രം.

എങ്കിലും ഈ കെട്ടിടങ്ങളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയാസമയം നടത്തുന്നുണ്ട്. എങ്കിലും തട്ടെല്ലാം പൊളിച്ചിടുന്ന മരപ്പട്ടി കേരളത്തിലെ മന്ത്രി മന്ദിരങ്ങള്‍ക്കു വിലയൊരു ഭീഷണി തന്നെയാണ്. ഇപ്പോഴിതാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് കാര്‍പ്പെന്റര്‍മാരെ ആവശ്യമുണ്ടെന്ന പരസ്യം വന്നിരിക്കുകയാണ്. സ്വാഭാവികമായും തടിപ്പണി ചെയ്യുന്നവരെ തേടുന്നുവെങ്കില്‍ മരപ്പട്ടി കേറിയിട്ടുണ്ടാകുമെന്നാണ് ചിന്തിക്കുക. രാജ്ഭവനിലും ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യം തുടങ്ങിയോ.

അത് പരിഹരിക്കാനാണോ തടിപ്പണിക്കാരനെ തേടുന്നത്. രാജ്ഭവനില്‍ ആശാരിയെ അന്വേഷിക്കുന്നതും ഇതേ കാരണത്താലാണെങ്കില്‍ മരപ്പട്ടി ശല്യം വേഗത്തില്‍ തീര്‍ക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സര്‍ക്കാര്‍ മന്ദിരങ്ങളെല്ലാം മരപ്പട്ടി വിഹാര കേന്ദ്രങ്ങളായി തീരും. ഗവര്‍ണര്‍ക്ക് രാജ്ഭവനിലേക്ക് ഒരു കാര്‍പെന്ററെ തേടി മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് ഈ മാസം 18നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 57,900 രൂപയാണ് പരമാവധി ശമ്പളം. രാജ്ഭവനില്‍ കാര്‍പെന്റര്‍ ജോലിക്ക് താല്‍പര്യമുള്ളവര്‍ ജൂലൈ 2 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കുകയും വേണം.

25,100- 57,900 ശമ്പള സ്‌കെയിലില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നു മാത്രം. കാലാവധി അവസാനിക്കാന്‍ പോകുന്ന ഗവര്‍ണര്‍ തിടുക്കപ്പെട്ട് കാര്‍പ്പെന്ററെ ആവശ്യപ്പെടുന്നത്, നിക്ക് വീണ്ടും അവസരം കിട്ടുമെന്ന പ്രതീക്ഷ ഉള്ളതു കൊണ്ടാണോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. രാജ്ഭവനെ മോഡി പിടിപ്പിക്കാനും, ഫര്‍ണിച്ചറുകളും, രാജ്ഭന്റെ മരത്തടിയില്‍ തീര്‍ത്ത ഭാഗങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കാനുമൊക്കെയാണോ കാര്‍പ്പെന്ററെ തേടുന്നത്.

ആരിഫ് മുഹമ്മദ്ഖാന് കേരളം വിട്ടുപോകാന്‍ ആഗ്രഹമില്ലെന്ന വിലയിരുത്തലുമുണ്ട്. ഈ സെപ്റ്റംബറോടെ ആരിഫ് മുഹമ്മദ്ഖാന്റെ ഗവര്‍ണര്‍ കാലാവധി കഴിയുകയാണ്. ഒരു ടേം കൂടെ ആരിഫ് മുഹമ്മദ് ഖാന്‍ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. കേരളത്തില്‍ ഗവര്‍ണറായി ഇരിക്കാന്‍ യോഗ്യതയുള്ള ആളാണ് ആരിഫ് മുഹമ്മദ്ഖാനെന്ന് കേന്ദ്രത്തിന് നല്ലതു പോലെ അറിയാവുന്നതു കൊണ്ട് അദ്ദേഹത്തിന് വീണ്ടും ഒരുടേം കൂടി നല്‍കും. കാരണം, സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ്ഖാന്‍ ബി.ജെ.പിയുടെ തുറുപ്പു ചീട്ടാണ്.

സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സര്‍ക്കാരിനെ ഔദ്യോഗിക കാര്യങ്ങളില്‍പ്പോലും മുള്‍മുനയില്‍ നിര്‍ത്തിയും ഗവര്‍ണര്‍ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷ സ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചു. കോടതികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് ഗുണപരമായി എന്നാണ് വിലയിരുത്തല്‍.