ജറുസലേം: പരിക്കേറ്റ പലസ്തീൻകാരനെ ബോണറ്റിൽ കെട്ടിവെച്ച് ജീപ്പോടിച്ച് ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരത. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ശനിയാഴ്ചയാണ് സംഭവം. തങ്ങളുടെ പട്ടാളക്കാർ സൈനികനടപടിച്ചട്ടങ്ങൾ ലംഘിച്ചതായി ഇസ്രയേൽസൈന്യം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പറഞ്ഞു.
ജെനിനിലെ വാദി ബുർഖിൽ ഇസ്രയേലിന്റെ സൈനികനടപടിക്കിടെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ മുജാഹിദ് റയെദ് അബാദിയാണ് (24) ക്രൂരതയ്ക്കിരയായത്. ഇയാളെ പട്ടാളജീപ്പിന്റെ ബോണറ്റിൽ വിലങ്ങനെ കെട്ടിവെച്ച് ജെനിനിെല ഇടുങ്ങിയറോഡിലൂടെ പോകുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചു. പിന്നാലെ, അബാദിയെ ജീവകാരുണ്യസംഘടനയായ റെഡ് ക്രെസന്റിനു കൈമാറിയെന്ന് ഇസ്രയേൽപട്ടാളം അറിയിച്ചു. ജെനിനിലെ ഇബ്ൻ സിന ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
വെടിവെപ്പിൽനിന്ന് രക്ഷനേടാൻ അബാദിയെ സൈന്യം മനുഷ്യപരിചയായി ഉപയോഗിക്കുകയായിരുന്നുവെന്ന് യു.എന്നിന്റെ പ്രത്യേകപ്രതിനിധി ഫ്രാൻസെസ്ക ആൽബനീസ് ആരോപിച്ചു. ബന്ധുവിന്റെ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഇസ്രയേൽ സൈന്യം വെടിവെക്കുകയായിരുന്നെന്ന് അബാദി പറഞ്ഞു. കൈക്കുവെടിയേറ്റ് നിലത്തുവീണ അബാദിയുടെ കാലിലും പട്ടാളം വെടിവെച്ചു.
രക്ഷിക്കാനാരുമില്ലാതെ രണ്ടുമണിക്കൂർ നിലത്തുകിടന്നു. ഇതുശ്രദ്ധിച്ച പട്ടാളക്കാർ എത്തി തലയിൽ തൊഴിക്കുകയും മുഖത്തും വെടിയേറ്റ കാലിലും കൈയിലും ഇടിക്കുകയും ചെയ്തു. പിന്നീട് പൊക്കിയെടുത്ത് ബോണറ്റിലേക്കെറിയുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന അബാദി വാർത്താ ഏജൻസിയായ ‘എ.എഫ്.പി.’യോടു പറഞ്ഞു. കൊടുംചൂടിൽ ബോണറ്റിൽ കെട്ടിവെച്ചതിനാൽ അബാദിയുടെ പിൻഭാഗം പൊള്ളിപ്പോയെന്ന് ഡോക്ടർ പറഞ്ഞു.
ഗാസയിൽ യുദ്ധമാരംഭിച്ചശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 553 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ആക്രമണം തുടരുന്ന ഗാസയിൽ ഞായറാഴ്ചയോടെ മരണം 37,598 ആയി.