പലപ്പോഴും നടിമാരുടെ വിവാഹ വേഷങ്ങള്‍ പുതിയൊരു ട്രെന്‍ഡിന്റെ തുടക്കം ആകാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം നടന്ന ബോളിവുഡ് താരം സൊനാക്ഷിയുടെ വിവാഹവസ്ത്രത്തിന് ഒരു പഴയ ട്രെന്‍ഡ് ആണ് പറയാനുള്ളത്. സൊനാക്ഷിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാഹ സാരിയെയും ആഭരണങ്ങളെയും കുറിച്ചുള്ള ആരാധകരുടെ അന്വേഷണങ്ങള്‍ ഏറെയായിരുന്നു. എന്നാല്‍ അതിനെല്ലാം വിരാമമിട്ടുകൊണ്ട് നടി തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
44 വര്‍ഷം പഴക്കമുള്ള വെളുത്ത സാരിയാണ് നടി സോനാക്ഷി വിവാഹ വസ്ത്രമായി തിരഞ്ഞെടുത്തത്. അതെ സൊനാക്ഷിയുടെ അമ്മ പൂനം സിന്‍ഹയുടെ വിവാഹ സാരി ആയിരുന്നു അത്. സാരി മാത്രമല്ല മറിച്ച് ആഭരണവും അമ്മയുടേത് തന്നെ. സാരിക്ക് ചേരുന്നതായിരുന്നു ചോക്കര്‍ കുന്ദന്‍ നെക്ലസും കമ്മലും. കൈകളില്‍ സ്വര്‍ണവളകളും, വിവാഹമോതിരവും അണിഞ്ഞിരുന്നു. മിനിമല്‍ മേക്കപ്പായിരുന്നു നടിയുടേത്. ഫെതേഡ് ബ്രോസും, സ്മോകി കണ്ണുകളുമായിരുന്നു ഐ മേക്കപ്പ്. മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. പിങ്ക് ലിപ്സ്റ്റിക്. സോനാക്ഷിയുടെ സാരിക്ക് മാച്ചിങ്ങായ വെള്ള എംബ്രോയഡറി വര്‍ക്കുള്ള കുര്‍ത്തയും പാന്റ്സുമായിരുന്നു സഹീര്‍ ഇക്ക്ബാലിന്റെ ഔട്ട്ലുക്ക്.
സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇക്ബാലിനെയും വിവാഹം കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ചായിരുന്നു നടന്നത്. സൊനാക്ഷിയുടെ പുതിയ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു വിവാഹത്തിനോടനുബന്ധിച്ച് ഉള്ള ചടങ്ങുകള്‍ നടന്നത്. ഇരുവരും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹത്തിനുശേഷം സോനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയും സന്തോഷം പങ്കുവെച്ചു. ഏതൊരു അച്ഛനും കാത്തിരിക്കുന്ന നിമിഷമാണ് ഇതെന്നും സഹീറിനൊപ്പം സൊനാക്ഷി എന്നും സന്തോഷവതി ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമേ ഈ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളൂ. സൊനാക്ഷിയുടെ സുഹൃത്തുക്കളായ ഹുമ ഖുറേഷി, സഹോദരന് സാഖിബ് സലീം, അദിതി റാവു ഹൈദരി, പ്രതിശ്രുത വരന് സിദ്ധാര്‍ത്ഥ്, അര്‍പിത ഖാന്, ആയുഷ് ശര്‍മ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.