Kerala

ഇരട്ടക്കുട്ടികള്‍ക്ക് അമ്മയായ് അമ്മത്തൊട്ടില്‍: രണ്ടു ദിവസങ്ങളില്‍ എത്തിയത്, അവര്‍ മൂന്നുപേര്‍

ഇരട്ടകളെ ആര്‍ദ്രന്‍, ഹൃദ്യന്‍ എന്നും, പെണ്‍കുഞ്ഞിനെ രക്ഷിത എന്നും വിളിക്കും

മുലപ്പാലിന്റെ രുചിയും മണവും നിഷേധിക്കപ്പെട്ട് പെറ്റമ്മ ഉപേക്ഷിച്ച ഇരട്ടക്കുഞ്ഞുങ്ങള്‍ക്കിതാ ശിശുക്ഷേമ സമിതിയിലെ അമ്മത്തൊട്ടില്‍ അഭയകൂടാരം പണിതിരിക്കുന്നു. അവര്‍ വളരും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍. ഇണപിരിയാത്ത സഹോദരങ്ങളായി. അമ്മത്തൊട്ടിലിന്റെ വറ്റാത്ത സ്‌നേഹവും, ഒരിക്കലും ഉപേക്ഷിക്കില്ലെന്ന വിശ്വസത്തോടെയും. തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ രണ്ടു ദിവസത്തില്‍ കിട്ടിയത് മൂന്നു കുഞ്ഞുങ്ങളെയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ന് ഒന്നര മാസം പ്രായമുള്ള പെണ്‍ കുഞ്ഞായിരുന്നു ആദ്യം അമ്മത്തൊട്ടില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് ഞായറാഴ്ച വെളുപ്പിന് 2.30ന് പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന ഇരട്ടക്കുട്ടികളെ കിട്ടുന്നത്. ഇരട്ടകള്‍ രണ്ടും ആണ്‍കുട്ടികളാണ്. 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മത്തൊട്ടിലില്‍ ഇരട്ട കുഞ്ഞുങ്ങള്‍ അഥിതികളായി എത്തുന്നത്. ഇതിനു മുന്‍പ് 2018 ലാണ് ഇരട്ടകുട്ടികളെ ലഭിച്ചത്. വെള്ളിയാഴ്ച കിട്ടിയ കുട്ടിക്ക് രക്ഷിത എന്നാണ് പേരിട്ടത്. ഇരട്ടകള്‍ക്ക് ആര്‍ദ്രന്‍, ഹൃദ്യന്‍ എന്നും പേരിട്ടിട്ടുണ്ട്. പേരിടല്‍ ചടങ്ങ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിതന്നെ നിര്‍വഹിക്കുകയും ചെയ്തു.

അതിഥികളുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും അമ്മത്തൊട്ടിലിലേക്കടിയെത്തി. കുഞ്ഞുങ്ങളെ വാരിയെടുത്ത് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി കുഞ്ഞുങ്ങളെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞുങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് സ്ഥിരീകരിച്ചു. കുരുന്നുകള്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണിപ്പോള്‍.

തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ നിന്നും ഇതുവരെ 604 കുട്ടികളെയാണ് പോറ്റമ്മമാരുടെ പരിചരണയ്ക്കായി കിട്ടിയിരിക്കുന്നത്. 2023 മെയ് മുതല്‍ അമ്മത്തൊട്ടില്‍ വഴി ഇതുവരെ ലഭിച്ചത് 18 കരുന്നുകളെയാണ്. ഇതില്‍ 7 പെണ്‍കുഞ്ഞുങ്ങളും 11 ആണ്‍കുഞ്ഞുങ്ങലുമായിരുന്നു. ഈ വര്‍ഷം ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില്‍ നിന്നും യാത്രയായത്. പുതിയ ഭരണസമിതി വന്നതിനു ശേഷം 86 കുട്ടികള്‍ പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെ പോയി.

രക്ഷിതയുടേയും അര്‍ദ്രന്റെയും ഹൃദ്യന്റെയും ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിക്കുകയാണ്.