Celebrities

ചുവന്ന പട്ടുസാരിയും സിന്ദൂര രേഖയില്‍ കുങ്കുമവും; സൊനാക്ഷിയുടെ റിസപ്ഷന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമാവുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇക്ബാലിന്റെയും വിവാഹ വാര്‍ത്തകള്‍. 44 വര്‍ഷം പഴക്കമുള്ള വെളുത്ത സാരിയാണ് നടി സൊനാക്ഷി വിവാഹ വസ്ത്രമായി തിരഞ്ഞെടുത്തത്. സൊനാക്ഷിയുടെ അമ്മ പൂനം സിന്‍ഹയുടെ വിവാഹ സാരി ആയിരുന്നു അത്. സാരി മാത്രമല്ല മറിച്ച് ആഭരണവും അമ്മയുടേത് തന്നെയായിരുന്നു. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തെത്തുമ്പോഴേക്കും വിവാഹ റിസപ്ഷന് സോനാക്ഷിയും സഹീറും ധരിച്ച വസ്ത്രങ്ങളെക്കുറിച്ചായി ചര്‍ച്ച.

വിവാഹത്തിന് വെള്ളനിറം തിരഞ്ഞെടുത്ത സൊനാക്ഷി റിസപ്ഷനുവേണ്ടി തിരഞ്ഞെടുത്തത് ചുവപ്പുനിറത്തിലെ പട്ടുസാരിയായിരുന്നു. പരമ്പരാഗത ഡിസൈനിലുള്ള സാരിയും അതേ നിറത്തിലുള്ള ബ്ലൗസും സൊനാക്ഷിയെ കൂടുതല്‍ സുന്ദരിയാക്കി. പച്ചയും ചുവപ്പും കല്ലുകളുള്ള നെക്ലേസും മാച്ചിങ് ഇയര്‍റിങ്‌സും നടിയ്ക്ക് കൂടുതല്‍ ഭംഗിയേകി. കൂടാതെ ചുവന്ന പൊട്ടും സിന്ദൂരരേഖയിലെ ചുവന്നനിറത്തിലെ കുങ്കുമവും സൊനാക്ഷിയ്ക്ക് രാജകീയപ്രൗഡിയേകി. വെള്ളനിറമുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണ് സഹീര്‍ എത്തിയത്. റിസപ്ഷന് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്തു. സല്‍മാന്‍ ഖാന്‍, കജോള്‍, രേഖ, ഹുമ ഖുറേഷി, അദിതി റാവു ഹൈദരി, ആദിത്യ റോയ് കപൂര്‍, തബു, അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങളും റിസപ്ഷനെത്തിയിരുന്നു.

സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇക്ബാലിനെയും വിവാഹം കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ചായിരുന്നു നടന്നത്. സൊനാക്ഷിയുടെ പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു വിവാഹത്തിനോടനുബന്ധിച്ച് ഉള്ള ചടങ്ങുകള്‍ നടന്നത്. ഇരുവരും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹത്തിനുശേഷം സോനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും സന്തോഷം പങ്കുവെച്ചിരുന്നു. ഏതൊരു അച്ഛനും കാത്തിരിക്കുന്ന നിമിഷമാണ് ഇതെന്നും സഹീറിനൊപ്പം സൊനാക്ഷി എന്നും സന്തോഷവതി ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.