Kerala

കേ​ര​ള​ത്തി​ൽ ​നി​ന്നു​ള്ള 17 എം​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ​ ചെ​യ്തു

ഡൽഹി: കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണു​ഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു കോൺ​ഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. രാജ്മോഹൻ ഉണ്ണിത്താനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് ഇംഗ്ളീഷിലായിരുന്നു വടകര എംപി ഷാഫി പറമ്പിലിന്റെ സത്യപ്രതിജ്ഞ. കെ രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. എറണാകുളത്ത് നിന്നുള്ള ഹൈബി ഈഡൻ എംപി ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് അംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോടെം സ്പീക്കർ പാനലിൽ ഉള്ളവരും കേന്ദ്രക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും പിന്നാലെ ചുമതലയെറ്റു. സത്യപ്രതിജ്ഞയ്ക്ക് എത്തിയ ഇൻഡ്യാ സഖ്യം എംപിമാർ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് വ്യക്തമാക്കി. സ്വന്തം ലോക്സഭമന്ദിരത്തിലെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങാണെന്ന് ഓർമിപ്പിച്ചു പുതിയ എംപിമാരെ മോദി സ്വാഗതം ചെയ്തു.

വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. കേന്ദ്ര സഹമന്ത്രി കൂടിയായ തൃശൂര്‍ എംപി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ രാവിലെ പൂര്‍ത്തിയായിരുന്നു. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.