തൊടുപുഴ: ഇടുക്കിയിൽ കാറിനു മുകളിൽ മരംവീണ് ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോൺ, ജോബിയുടെ ഭാര്യ അഞ്ചുമോൾ ജോബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
നേര്യമംഗലം വില്ലാഞ്ചിറയിൽ ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കെഎസ്ആർടിസി ബസിനും കാറിനും മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
ജോബിയും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ജോബിയുടെ ഭാര്യാപിതാവാണ് ജോസഫ്. ജോബിയുടെ ഭാര്യ അഞ്ജുവിന്റെ മാതാവ് അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജോബിക്കും ഭാര്യയ്ക്കും പരിക്കുണ്ട്. കാർ പൂർണമായും തകർന്ന നിലയിലാണ്.
കെഎസ്ആർടിസി ബസിന് മുകളിലായി ഒരു മരം വീണിരുന്നു. ഇത് വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെ തൊട്ടടുത്തുനിന്ന മറ്റൊരുമരം ആ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറിനുമുകളിലായി വീഴുകയായിരുന്നു.