ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ പരിഭവം പരിഹരിക്കാന്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചെന്നിത്തലയുടെ വീട്ടിലേക്ക് നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വൺ സീറ്റ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സീറ്റ് ഉയർത്തണം എന്നത് നിരന്തരം ഉള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ കുട്ടികൾക്ക് പ്ലസ് വൺ പഠിക്കാൻ അവകാശമില്ലേയെന്ന് ചോദിച്ച അദ്ദേഹം പ്രശ്ന പരിഹാരത്തിന് നടപടി വേണമെന്നും പറഞ്ഞു. മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ 8 മണിയോടെയാണ് വി ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കാതിരുന്നതാണ് ചെന്നിത്തലയ്ക്ക് നീരസമുണ്ടാക്കിയത്. അന്ന് പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുകയും ചെയ്തിരുന്നു.