പുതിയ നേതൃത്വത്തിന് കീഴിൽ പുതിയ നിരക്ക് നിർണയ രീതി നടപ്പാക്കാൻ കുവൈത്ത് എയർവേയ്സ്. യാത്രാ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കമ്മിറ്റി നെറ്റ്വർക്ക് ആൻഡ് ലൈൻസ് വകുപ്പിലെ നിരക്ക് നിർണയ, റവന്യൂ മാനേജ്മെന്റ് മേഖല പുനഃക്രമീകരിച്ചതായി കുവൈത്ത് എയർവേയ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽഫഖാനാണ് അറിയിച്ചത്.
ഡൈനാമിക് നിരക്ക്‌നിർണയ നയം വികസിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിപുല ഗവേഷണം, നിലവിലുള്ള വിലനിർണയ പ്രക്രിയകളിലെ പിഴവുകൾ തിരിച്ചറിയൽ, കമ്പനിയുടെ കഴിവുകൾക്ക് അനുസൃതമായ പരിഹാരങ്ങൾ എന്നിവയുൾപ്പെടെ കമ്മിറ്റി അതിന്റെ ചുമതല വേഗത്തിൽ പൂർത്തിയാക്കിയതായി തിങ്കളാഴ്ച പുറത്തിറക്കി വാർത്താകുറിപ്പിൽ അൽഫഖാൻ പറഞ്ഞു.
താങ്ങാനാവുന്ന വില ഉറപ്പാക്കാൻ മത്സരാധിഷ്ഠിത നിരക്കുകളും വിവിധ ഡീലുകളും വാഗ്ദാനം ചെയ്യുന്ന പുതുക്കിയ വിലനിർണയ നയം സമിതിയുടെ ശുപാർശകളിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ട്രാവൽ ഏജന്റ് ടിക്കറ്റ് നിരക്ക് നയം നവീകരിക്കും. റിസർവേഷൻ, നിരക്ക് നിർണയം, നെറ്റ്വർക്ക് പ്ലാനിംഗ് സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും പുതിയ ആഗോള വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാൻ കുവൈത്ത് എയർവേയ്സ് ശ്രദ്ധചെലുത്തുന്നുണ്ട്.