തിരുവനന്തപുരം: കോടികൾ വകയിരുത്തിയ ആക്കുളം കായൽ പുനരുജീവന പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ. പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടി കൊണ്ടുപോകുന്നുവെന്ന് കടകംപള്ളി പറഞ്ഞു. ഇതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യമാണെന്നും കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നും കടകംപള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും ടൂറിസം വകുപ്പ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന കടുത്ത വിമർശനവും കടകംപള്ളി ഉയർത്തി.
സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച് പദ്ധതി അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയെന്നും ഇവക്ക് ഓരോന്നിനും മറുപടി പറയാതെ മന്ത്രി മുഹമ്മദ് റിയാസ് പൊതുവായ മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ലെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.
225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് പദ്ധതി. 185 കോടി ചെലവ് വരുന്ന പദ്ധതിക്കായാണ് മാസ്റ്റർ പ്ലാൻ താറാക്കിയിട്ടുള്ളത്.
കായലിലെ ഫ്ലോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ ഡ്രഡ്ജിംഗ്, കുളവാഴ നീക്കല്‍, ജലശുദ്ധീകരണം, വൈറ്റ് ലാന്റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്ററും ഇരിപ്പിടങ്ങളും ജിമ്മും അടക്കം വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്.