ന്യൂഡൽഹി: ജെ പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്.
കേന്ദ്രസര്‍ക്കാരില്‍ ആരോഗ്യ വകുപ്പുമന്ത്രിയാണ് ജെപി നദ്ദ. രാസവളം, രാസവസ്തു വകുപ്പും നദ്ദയ്ക്കാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2020 മുതൽ ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റാണ് നദ്ദ. തൽകാലത്തേക്ക് അദ്ദേഹം ഈ പദവി ഒഴിയില്ലെന്നാണ് റിപ്പോർട്ട്. കാരണം സംസ്ഥാനങ്ങളിലെ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയായതിനു ശേഷമേ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയുള്ളൂ. അതിന് ആറുമാസം സമയമെടുക്കും. അതിനാൽ അടുത്ത ഡിസംബർ-ജനുവരി മാസങ്ങളിലായിരിക്കും പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയുള്ളൂ.
നിയമബിരുദധാരിയായ നദ്ദ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. വൈകാതെ യുവമോർച്ച നേതാവായി മാറി. 2012ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014 മുതൽ ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് അംഗമാണ്. ഹിമാചൽ പ്രദേശ് എം.എൽ.എയായും പ്രവർത്തിച്ചു. ഇക്കുറി ഗുജറാത്തിൽ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.