Celebrities

ക്ഷമാപണം നടത്തി നാഗാര്‍ജുന; ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് താരം

മുംബൈ: ആരാധകനെ സുരക്ഷ ഗാര്‍ഡുമാര്‍ തള്ളി നീക്കിയ സംഭവത്തില്‍ ക്ഷമ പറഞ്ഞ് നാഗാര്‍ജുന. അംഗരക്ഷകന്‍ ഭിന്നശേഷിക്കാരനായ ആരാധകനെയാണ് തളളിമാറ്റിയത്. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടന്‍ ക്ഷമാപണം നടത്തിയത്. എക്‌സിലൂടെയാണ് നടന്‍ ക്ഷമാപാണം നടത്തിയത്.

നാഗാര്‍ജുന വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സംഭവം. നടന്‍ ധനുഷും നാഗാര്‍ജുനയ്‌ക്കൊപ്പം ഉണ്ടായിരുന്നു. വീഡിയോയില്‍ ഒരു കഫേ ജീവനക്കാരന്‍ നാഗാര്‍ജ്ജുനയുടെ അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ താരത്തിന്റെ അംഗരക്ഷകന്‍ അയാളെ തള്ളിയിടുന്നതായി വീഡിയോയില്‍ കാണാം. പക്ഷേ നാഗാര്‍ജുന ഇത് കാണാതെ നടന്നു നീങ്ങുന്നതും കാണാം. എന്നാല്‍ ധനുഷ് തിരിഞ്ഞ് നോക്കുന്നെങ്കിലും സംഭവത്തില്‍ ഇടപെട്ടില്ല. ഇരുവരും കാറില്‍ കയറി പോകുകയും ചെയ്തു.

ഇത്തരം ഒരു സംഭവം കണ്ടിട്ട് പ്രതികരിക്കാത്ത ധനുഷിനും ഏറെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട്. വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ വൈറലാകുകയായിരുന്നു. നാഗാര്‍ജുനയുടെ പെരുമാറ്റം വളരെ മോശമായി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇരുവര്‍ക്കുമെതിരെ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് നാഗര്‍ജുന മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. ”ഇത് എന്റെ ശ്രദ്ധയില്‍ ഇപ്പോഴാണ് എത്തിയത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു, ഭാവിയില്‍ ഇത്തരത്തിലുളള സംഭവങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കും” നാഗര്‍ജുന തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.