ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ സഹോദരനും ജെഡിഎസ് എംഎൽസിയുമായ സൂരജ് രേവണ്ണയെ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കോടതി ഉത്തരവ് പ്രകാരം കർണാടക പോലീസ് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ കസ്റ്റഡിയിലായിരിക്കും ജൂലൈ ഒന്നുവരെ സൂരജ് രേവണ്ണ.
ഹാസനിലെ അറക്കൽഗുഡ് സ്വദേശിയും ജെഡിഎസ് പ്രവർത്തകനുമായ യുവാവ് നൽകിയ പരാതിയിലായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ഫാം ഹൗസിൽ ചെന്നപ്പോൾ സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു 27-കാരന്റെ പരാതി. പ്രകൃതിവിരുദ്ധ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
സൂരജിനെ കൂടാതെ സഹോദരൻ പ്രജ്ജ്വൽ രേവണ്ണയേയും ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 14 ദിവസത്തെ കസ്റ്റഡിയിലാണ് പ്രജ്ജ്വലിനെ വിട്ടിരിക്കുന്നത്.
മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. അറസ്റ്റുചെയ്തത്. വിദേശത്തേക്കുകടന്ന പ്രജ്ജ്വൽ ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മൂന്ന് ലൈംഗികപീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെ പേരിലുള്ളത്.