ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തനിമ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനങ്ങൾക്ക് തുടക്കമായി. ജിദ്ദ ഷറഫിയയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഡയരക്ടർ ഡോ. ഇല്യാസ് മൗലവി ഉദ്ഘടനം ചെയ്തു. ഖുർആൻ പഠനം ജീവിതത്തിൽ ധൈര്യത്തിനും സ്ഥൈര്യത്തിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖുർആൻ പഠനത്തിൽ പ്രവാസികളും സ്ത്രീകളും കാണിക്കുന്ന താൽപര്യത്തെ കുറിച്ച് ഏറെക്കാലം ഖത്തറിൽ പ്രവാസി ആയിരുന്ന ഇല്യാസ് മൗലവി വിശദീകരിച്ചു. ഫലസ്തീനികൾ കാണിക്കുന്ന ക്ഷമയുടെയും സ്ഥൈര്യത്തിന്റെയും അടിസ്ഥാനം ഖുർആനാണെന്ന് മനസ്സിലാക്കി പാശ്ചാത്യ ലോകത്ത് ആയിരങ്ങളാണ് ഖുർആൻ പഠനത്തിനായി മുന്നോട്ടു വരുന്നത്. ഖുർആൻ പഠിക്കുന്ന സമയമായിരിക്കും ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സമയമെന്നും അദ്ദേഹം പറഞ്ഞു.
തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ഫസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. റമദാനിൽ നടത്തിയ ഖുർആൻ പ്രശ്‌നോത്തരിയിലെ ജേതാക്കളെ കോർഡിനേറ്റർ സനോജ് അലി പരിചയപ്പെടുത്തി. മാജിദ, ഫിദ സലീം, ആയിഷ കെ.വി എന്നിവർക്കുള്ള സമ്മാനങ്ങൾ തനിമ കേന്ദ്ര പ്രസിഡണ്ട് എ. നജ്മുദ്ദീന്റെ സാന്നിധ്യത്തിൽ ഡോ. ഇല്യാസ് മൗലവി വിതരണം ചെയ്തു. തനിമ വെസ്റ്റേൺ പ്രൊവിൻസ് ജോ .സെക്രട്ടറി മുഹമ്മദലി നന്ദി പറഞ്ഞു. അബു താഹിർ ഖിറാഅത്ത് നടത്തി.