ഭുവനേശ്വര്‍: ബി.ജെ.പിക്ക് ഇനി പിന്തുണയില്ലെന്ന് ബിജു ജനതാദൾ (ബി.ജെ.ഡി.). രാജ്യസഭയിലുള്ള ഒൻപത് അംഗങ്ങളോടും ശക്തമായ പ്രതിപക്ഷമാകാൻ ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് നിർദേശം നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മോദി സർക്കാർ കാലത്തും വിവാദ ബില്ലുകളിൽ അടക്കം ബി.ജെ.പിക്ക് ബി.ജെ.ഡി. പിന്തുണ നൽകിയിരുന്നു. എന്നാൽ ഇനി ഇത് തുടരേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ശരിയായ പല ആവശ്യങ്ങളും ഇനിയും നിറവേറ്റിയിട്ടില്ല. ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി വികസനത്തിന് വേണ്ടി ബി.ജെ.ഡി. എം.പി.മാർ ശബ്ദമുയർത്താൻ പാർട്ടി തീരുമാനിച്ചതായി പട്നായിക് വിളിച്ച യോഗത്തിന് പിന്നാലെ രാജ്യസഭാ എം.പി. ഭുബനേശ്വർ പറഞ്ഞു.
ലോക്സഭയിൽ ഇക്കുറി ബിജെഡിക്ക് പ്രാതിനിധ്യമില്ല. ഒഡീഷയിൽ വലിയ പരാജയമാണ് നവീൻ പട്‍നായിക് ഏറ്റുവാങ്ങിയത്. 24 വർഷത്തെ ബിജെഡി ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. ഒപ്പം ലോക്സഭയിൽ ഒരു സീറ്റിൽ പോലും വിജയിക്കാനും ബിജെഡിക്ക് ആയില്ല. നേരത്തെ പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ ബിജെപിക്കായിരുന്നു. 21 ലോക്സഭാ സീറ്റിൽ 20 സീറ്റിലും ബിജെപിയാണ് ജയിച്ചത്. ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും ഒഡീഷയിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണയ്ക്കായി ഇൻഡ്യ മുന്നണി ശ്രമിക്കുന്നത്.
ബിജെഡി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വിഷയങ്ങളിൽ പാർലമെൻ്റിൽ ബിജെപിയെ പിന്തുണക്കുക മാത്രമല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ 2019ലും 2024ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.