കൊച്ചി: മാടവനയിൽ കല്ലട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ഗുരുതര കണ്ടെത്തൽ. കല്ലട ബസിന്റെ സ്പീഡ് ഗവേർണർ വിച്ഛേദിച്ച നിലയിലായിരുന്നുവെന്ന് എംവിഡി കണ്ടെത്തി. ടയറുകളിൽ തേയ്മാനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ബസ് അമിത വേഗത്തിലായിരുന്നെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
തമിഴ്നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴിയാണ് വന്നത്. അതിനാൽ തന്നെ സമയത്തിൽ മാറ്റം വന്നിരുന്നു. തുടർന്ന്, സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേഗത്തിൽ വന്നതാകാമെന്ന സംശയവും അധികൃതർക്കുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് നിലവിൽ ഉദ്യോഗസ്ഥർ. എറണാകുളം ആർടിഒ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് ബസ്സിലെ സ്പീഡ് ഗവർണർ കട്ട് ചെയ്ത് ഇട്ടിരിക്കുകയായിരുന്നുവെന്നും പിന്നിലെ ടയറുകൾ തേഞ്ഞനിലയിൽ ആയിരുന്നുവെന്നും കണ്ടെത്തിയത്. നിയമം ലംഘിച്ച് കൂടുതൽ ആളുകളെ കയറ്റുന്നതിനായി ബസ്സിൽ ആറ് സീറ്റുകൾ പുതുതായി സ്ഥാപിച്ചിരുന്നു.
ഇന്നലെ കല്ലട ബസ് മറിഞ്ഞ ഉണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ബൈക്ക് യാത്രികനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യന്‍.
സംഭവത്തിൽ ഡ്രൈവർ തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുത്തു. അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ക്രെയിനുപയോഗിച്ചാണ് ബസ് ഉയർത്തിയത്. മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നിരുന്നത്.