Movie News

എംപുരാനില്‍ പൃഥിരാജിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് സലാറിലെ കുട്ടി ഹീറോയോ!?

‘സലാര്‍’ സിനിമയിലെ വരദരാജ മന്നാറുടെ ചെറുപ്പകാലം അവതരിപ്പിച്ച കാര്‍ത്തികേയ ദേവ് എമ്പുരാനിലും അഭിനയിക്കുന്നു. കാര്‍ത്തികേയ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സിനിമയില്‍ അഭിനയിക്കുന്ന വിവരം പുറത്തുവിട്ടത്. നിലവില്‍ ഗുജറാത്തില്‍ ആണ് എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

സലാറില്‍ പൃഥ്വിരാജ് ആയിരുന്നു വരദരാജ മന്നാറെ അവതരിപ്പിച്ചത്. അതുപോലെ തന്നെ സയീദ മസൂദിന്റെ ചെറുപ്പകാലമാകും എമ്പുരാനില്‍ കാര്‍ത്തികേയ അവതരിപ്പിക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരു ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’നു രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയതു മുതല്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ‘എംപുരാനാ’യി കാത്തിരിക്കുന്നത്.

സംവിധാനത്തിനൊപ്പം, സായിദ് മസൂദ് എന്ന കഥാപാത്രത്തെയും പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.