തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർഥി സംഘടനകളുടെ യോഗം ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റ് അനക്സിലാണ് യോഗം. മന്ത്രി പുറത്തുവിട്ട കണക്കുകളുടെ നിജസ്ഥിതി സംഘടനകളെ ബോധ്യപ്പെടുത്തുകയാണ് യോഗത്തിൻ്റെ ലക്ഷ്യം. സംഘടനാനേതാക്കളുടെ അഭിപ്രായങ്ങളും യോഗം ചർച്ച ചെയ്യും. ബാച്ചുകൾ വർധിപ്പിക്കണം എന്ന ആവശ്യം കെ.എസ്.യുവും എം എസ് എഫും ഉന്നയിക്കും.
പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരം ഇന്നും തുടരും. സംസ്ഥാന വ്യാപകമായി കെ.എസ്.യു ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. യൂത്ത്‍ലീഗ് നിയമസഭാ മാർച്ച് നടത്തും. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഇന്ന് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
മലബാറിലെ പ്ലസ് വൺ സീറ്റ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം സീറ്റ് ക്ഷാമം ഇല്ലായിരുന്നു. 4952 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അൺ എയ്ഡഡ് മേഖലയിൽ 10,155 സീറ്റുകൾ ഒഴിവുണ്ട്. പാലക്കാട് 1757 സീറ്റിന്റെ കുറവാണുള്ളത്. മലപ്പുറത്ത് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോഴാണ് കണക്കിൽ വ്യത്യാസം വന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
അധിക ബാച്ച് വേണോ മറ്റെന്തെങ്കിലും മാർഗം വേണോയെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനിക്കും. സ്‌കൂളുകൾ ഹയർസെക്കൻഡറിയായി അപ്‌ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോൾ മറുപടി പറയാനാകില്ല. പഠിച്ച സ്ഥലത്ത് തന്നെ വീണ്ടും പഠിക്കണമെന്നുള്ള നിർബന്ധം ശരിയല്ല. ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് പോലും തടസ്സമുണ്ടാകില്ല. ആദ്യഘട്ട അലോട്ട്‌മെന്റിന് മുമ്പ് തന്നെ സമരം തുടങ്ങിയത് തെറ്റിദ്ധാരണ പരത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.