Sports

98-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് സക്കാഗ്നിയുടെ ഗോള്‍; സമനിലയുമായി ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക്

ലെയ്പ്സിഗ്: തന്റെ ഗോളിലൂടെ ക്രൊയേഷ്യയെ പ്രീക്വാര്‍ട്ടറിലേക്ക് നയിക്കാമെന്ന് കരുതിയ ലൂക്കാ മോഡ്രിച്ചിന് തെറ്റി. ഇന്‍ജുറി ടൈമില്‍ മാറ്റിയ സക്കാഗ്നിയാണ് ക്രൊയേഷ്യയുടെ വില്ലനായത്. 98-ാം മിനിറ്റില്‍ സക്കാഗ്നി ഗോള്‍ നേടിയപ്പോള്‍ അത് ക്രൊയേഷ്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കുമേലും കാര്‍മേഘം പരത്തി.

യൂറോ കപ്പ് ഗ്രൂപ്പ് ബി യില്‍ ഇറ്റലി ക്രൊയേഷ്യ മത്സരമാണ് സമനിലയില്‍ (1-1) അവസാനിച്ചത്. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. അടിമുടി ആവേശം നിറഞ്ഞ മത്സരത്തില്‍ 98-ാം മിനിറ്റില്‍ ഗോള്‍ നേടി ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു. മോഡ്രിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ 55-ാം മിനിറ്റില്‍ മുന്നിലെത്തിയതാണ്. ജയിച്ചാല്‍ ക്രൊയേഷ്യക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഇറ്റലി നേടിയ ഗോള്‍ ക്രൊയേഷ്യയുടെ വഴി ഇരുണ്ടതാക്കി. അതിനിടെ യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായി മോഡ്രിച്ച് മാറി (38 വയസ്സും 289 ദിവസവും).

54-ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇറ്റലിയുടെ ബോക്സിനുള്ളില്‍ പന്ത് ലഭിച്ച ക്രൊയേഷ്യയുടെ ക്രമാറ്റിച്ച് ഷോട്ടെടുക്കാന്‍ ശ്രമിച്ചു. പന്ത് ഇറ്റലിയുടെ ഡേവിഡ് ഫ്രാറ്റെസിയുടെ ഇടംകൈയില്‍ തട്ടിയതോടെ റഫറി പരിശോധനയിലൂടെ പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത മോഡ്രിച്ച് പന്തടിച്ചതും ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ഡോണറുമ്മ ചാടിയതും ഒരേ വശത്തേക്ക്. ഗോളപകടത്തില്‍നിന്ന് ഇറ്റലിയെ ഡോണറുമ്മ രക്ഷിച്ചു. വലതുവശത്തേക്ക് മോഡ്രിച്ച് പായിച്ച ഷോട്ട് ഡോണറുമ്മ ചാടി തട്ടിയകറ്റുകയായിരുന്നു.

ഒരു മിനിറ്റിനകം മോഡ്രിച്ച് തന്നെ ഗോള്‍ നേടി പാഴാക്കിയ പെനാല്‍റ്റിക്ക് പരിഹാരം ചെയ്തു. ഡോണറുമ്മ നേരത്തേ സേവ് ചെയ്ത പെനാല്‍റ്റിയില്‍നിന്ന് പന്ത് കൈവശപ്പെടുത്തിയ ക്രൊയേഷ്യ, വീണ്ടും ബോക്സിലേക്ക് തന്നെ അടുത്തു. ആന്റെ ബുദിമിര്‍ തൊടുത്ത ഷോട്ട് ഡോണറുമ്മ വീണ്ടും തടുത്തെങ്കിലും ബോക്സിലുണ്ടായിരുന്ന മോഡ്രിച്ച് അത് വലയിലേക്ക് തിരിച്ചുവിട്ടു (1-0).

എന്നാല്‍ കളി ജയിച്ചെന്ന് ക്രൊയേഷ്യ ഏതാണ്ട് ഉറപ്പിച്ചിരിക്കവേ, ഇറ്റലിയുടെ തിരിച്ചടിയുണ്ടായി. 98-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം കാലഫയോറി പന്തുമായി മുന്നോട്ട് കുതിക്കുകയും ബോക്സില്‍ ഇടതുവശത്ത് സക്കാഗ്‌നിക്ക് കൈമാറുകയും ചെയ്തു. സക്കാഗ്‌നി അത് ഗോള്‍ക്കീപ്പര്‍ ലിവാക്കോവിച്ചിന് മുകളിലൂടെ വലയുടെ വലതുമൂലയിലേക്കെത്തിച്ചു (1-1).