ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ ടി20 ലോകകപ്പ് സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡുകളിട്ട 92 റണ്‍സ് ബലത്തില്‍ ടീംഇന്ത്യ 200നു മുകളില്‍ സ്‌കോര്‍ അടിച്ചുകൂട്ടിയാണ് മിന്നുന്ന ജയം സ്വന്തമാക്കിയത്. ഈ കളിയും ഫോമും ടീം ഇന്ത്യ നിലനിര്‍ത്തി മുന്നോട്ടു പോയാല്‍ ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് പറക്കുമെന്നുറപ്പാണ്. എന്നാല്‍, ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച നിര്‍ണ്ണയകമായ രണ്ട് കാര്യങ്ങളെ കുറിച്ചാണ് ഇതിഹാസ, താരവും ക്രിക്കറ്റ് ദൈവവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പറയാനുള്ളത്.
അക്ഷര്‍ പട്ടേല്‍ എടുത്ത അസാമാന്യ മികവുള്ള ക്യാച്ചാണ് അതില്‍ ഒന്നാമത്തേത്. ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ച് അക്ഷര്‍ പട്ടേല്‍ അന്തരീക്ഷത്തില്‍ ചാടിയെടുത്ത ക്യാച്ച്, കളിയുടെ ഗതിയെ മാറ്റുന്നതായിരുന്നുവെന്നാണ് ഇതിഹാസ താരത്തിന്റെ വിലയിരുത്തല്‍. ജസ്പ്രിത് ബുംറയുടെ ബൗളിംഗ് മികവാണ് രണ്ടാമത്തേതായി സച്ചിന്‍ കണ്ടത്. ഒരുവേള ഓസ്‌ട്രേലിയയ്ക്ക് വിജയപ്രതീക്ഷ നല്‍കും വിധം തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന ട്രാവിസ് ഹെഡിനെ എറിഞ്ഞിട്ട ബുംറ താരം തന്നെയാണ്. എക്സ് പേജിലാണ് സച്ചിന്‍ ഇന്ത്യയെ അഭിനന്ദിച്ച് തന്റെ നിരീക്ഷണം പങ്കിട്ടത്.
സച്ചിന്റെ വാക്കുകള്‍
“ഇന്ത്യ നന്നായി കളിച്ചു. ഇന്നത്തെ രണ്ട് നിര്‍ണായക നിമിഷങ്ങള്‍ നമ്മുടെ വിജയത്തെ നിര്‍വചിച്ചു. അക്ഷര്‍ പട്ടേലിന്റെ ഉജ്ജ്വലമായ ക്യാച്ചും ട്രാവിസ് ഹെഡിനെ പുറത്താക്കി ജസ്പ്രിത് ബുംറ സ്വന്തമാക്കിയ വിക്കറ്റും. സെമി ഫൈനലിനായി ഇങ്ങനെ കാത്തിരിക്കാന്‍ വയ്യ”- സച്ചിന്‍ കുറിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 41 പന്ത് നേരിട്ട രോഹിത് 92 റണ്‍സ് അടിച്ചുകൂട്ടി. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു 224.39 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിതിന്റെ ഇന്നിങ്സ്. സൂര്യകുമാര്‍ യാദവ് (31), ഹാര്‍ദിക് പാണ്ഡ്യ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓസ്ട്രേലിയക്കായി രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങില്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയക്കായി ക്രീസില്‍ നിലയുറപ്പിച്ചു. 43 പന്തില്‍ 76 റണ്‍സാണ് ഹെഡ് നേടിയത്. ഹെഡിന്റെ മികവില്‍ ഓസ്ട്രേലിയ ജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു ടീം ഇന്ത്യയുടെ രക്ഷകനായി ജസ്പ്രീത് ബുംറ അവതരിച്ചത്. 16-ാം ഓവര്‍ എറിയാനെത്തിയ ബുംറ ഓസീസ് ടോപ് സ്‌കോറര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് സ്വന്തമാക്കിയതോടെ മത്സരത്തിന്റെ പൂര്‍ണ്ണ ആധിപത്യം ഇന്ത്യന്‍ ടീമിനായി. ഇതിന് പിന്നാലെ കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യയ്ക്ക് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തിലും ജയം സമ്മാനിച്ചത്. ഇതോടെ ഓസ്ട്രേലിയയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. സെന്റ് ലൂസിയയിലാണ് ഇന്ത്യ-ഓസീസ് മത്സരം നടന്നത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ വിരാട് കോലിയെ നഷ്ടമായിട്ടും പതറാതെ ബാറ്റ് വീശിയ രോഹിത് സ്ഥിരതയോടെ ബാറ്റിംഗിന് നേതൃത്വം നല്‍കി. ഓസീസിന്റെ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം രോഹിത്തിന്റെ അടിയുടെ ചൂടറിഞ്ഞു. സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെയായിരുന്നു രോഹിത് വീണത്. ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടാന്‍ സാധിക്കാതിരുന്നതില്‍ നിരാശയില്ലെന്ന് രോഹിത് മത്സരത്തിനു ശേഷം പറഞ്ഞു. പവര്‍പ്ലേയില്‍ ഉള്‍പ്പടെ ആക്രമിച്ച് കളിച്ച് മികച്ച സ്‌കോര്‍ കണ്ടെത്താനായിരുന്നു ശ്രമിച്ചതെന്നും രോഹിത് പറഞ്ഞു.
രോഹിത്തിന്റെ വാക്കുകള്‍
‘സെഞ്ച്വറികളിലും അര്‍ധസെഞ്ച്വറികളിലും വലിയ കാര്യമില്ലെന്ന് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിച്ച് പരമാവധി റണ്‍സ് കണ്ടെത്തുകയാണ് വേണ്ടത്. മികച്ച ബൗളിങ് യൂണിറ്റായിരുന്നു അവരുടേത്. മികച്ച വിക്കറ്റായിരുന്നു ഇവിടുത്തേത്. എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം അടിക്കണമെന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കി വലിയ സ്‌കോറുകള്‍ നേടണം. അതിനായിരുന്നു ശ്രമിച്ചത്. അതുകൊണ്ട് തന്നെ സെഞ്ച്വറി നഷ്ടമായതില്‍ നിരാശയില്ല.’
അതേസമയം, ഓസീസിനെ തകര്‍ത്ത ഇന്ത്യയെ സെമി ഫൈനലില്‍ കാത്തിരിക്കുന്നത് കരുത്തരായ ഇംഗ്ലണ്ടാണ്. സൂപ്പര്‍ എട്ടിലെ രണ്ടാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് അവസാന നാലില്‍ കടന്നത്. ജൂണ്‍ 27നാണ് ഈ മത്സരം. മറുവശത്ത് ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ഓസ്ട്രേലിയയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. സൂപ്പര്‍ എട്ടിലെ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ മത്സരത്തിന്റെ ഫലമായിരിക്കും ഇനി ഓസീസിന്റെ ഭാവി നിശ്ചയിക്കുക. ഈ മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ജയിക്കുന്നതെങ്കില്‍ ഓസ്ട്രേലിയ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്താകും.