Sports

‘അയാളുടെ കഴിവുകൾ ഉപയോഗിക്കണം’; ഇന്ത്യൻ താരത്തിന് രോഹിത് ശർമ്മയുടെ പ്രശംസ

ആന്റിഗ്വ: ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ രീതിയിൽ തന്നെ കളി തുടരാനാണ് ആ​ഗ്രഹിക്കുന്നത്. താരങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിവരും. സെമിയിലും ഫൈനലിലും ഇതേ സാഹചര്യം തുടരാനായാൽ മത്സരം വിജയിക്കാൻ കഴിയും. ഒരു ടീമായി എന്ത് ചെയ്യാൻ കഴിയുമെന്നതിലാണ് ഇന്ത്യൻ ടീമിന്റെ ശ്രദ്ധയെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

കുൽദീപിന്റെ കഴിവുകളെക്കുറിച്ച് എല്ലാവർക്കും അറിയാം. അത് ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കണം. ന്യയോർക്കിലെ പിച്ച് പേസർമാർക്ക് അനുകൂലമാണ്. എന്നാൽ വെസ്റ്റ് ഇൻഡീസിൽ കുൽദീപിന് വലിയ റോൾ ഉണ്ടെന്ന് ഇന്ത്യൻ ടീം മനസിലാക്കിയിരുന്നതായി രോഹിത് ശർമ്മ പറഞ്ഞു.

തന്റെ ബാറ്റിം​ഗ് പ്രകടനത്തെക്കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ സംസാരിച്ചു. ആന്റി​ഗ്വയിലേത് ബാറ്റിം​ഗിന് അനുകൂലമായ വിക്കറ്റായിരുന്നു. എല്ലാത്തരം ഷോട്ടുകളും ഇവിടെ ഉപയോഗിക്കണം. താൻ വർഷങ്ങളായി പരിശീലിക്കുന്ന ഷോട്ടുകളാണ് ഈ മത്സരത്തിൽ ഉപയോ​ഗിച്ചത്. എത്ര റൺസ് അടിച്ചുവെന്നതിൽ കാര്യമില്ല. ഈ രീതിയിൽ ആക്രമണ ബാറ്റിം​ഗ് പുറത്തെടുക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.