ഇടതുപക്ഷ മന്ത്രിസഭയിലെ ആദ്യ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മന്ത്രി ഒ.ആര്‍. കേളുവിന്റെ നിയമസഭാ ചോദ്ിയത്തിനുള്ള മറുപടിയാണ് കേരളത്തിലെ പിന്നാക്ക വിഭാഗത്തിന്റെ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. എം.എല്‍.എമാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ ആദ്യ മറുപടി. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശിക വരുത്താതെ വിതരണം ചെയ്യാന്‍ നടപടി എടുക്കുമെന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ വരുമാന പരിധിയില്ലാതെ നല്‍കി വരികയാണ്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 2021-22 അധ്യയന വര്‍ഷം മുതല്‍ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച സാങ്കേതിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തി. ഇതുമൂലം സ്‌കോളര്‍ഷിപ്പ് കുടിശികയാകാന്‍ സാഹചര്യമുണ്ടായി.
എന്നാല്‍, സാങ്കേതിക സഹായം ലഭ്യമായ ഉടന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിലും, ഈ അപേക്ഷകള്‍ പരിശോധിച്ച് ഫോര്‍വേഡ് ചെയ്യുന്നതിലും വന്ന കാലതാമസവും കുടിശിക വരാന്‍ കാരണമായെന്നും മന്ത്രി മറുപടി നല്‍കി. 2024-25 വര്‍ഷം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങള്‍ക്കായി 223 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും 46 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കുടിശിക വിതരണത്തിനായി അധിക ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായും മന്ത്രി ഒ.ആര്‍. കേളു ചോദ്യത്തിന് മറുപടി നല്‍കി.
ലിന്റോ ജോസഫ്, കെ.ഡി. പ്രസേനന്‍, പി.വി അന്‍വര്‍, എച്ച്. സലാം എന്നിവരുടെ ചോദ്യമായിരുന്നു രണ്ടാമത്തേത്. നിയമസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കിയത്. എന്നാല്‍, നിയമസഭാ ചോദ്യങ്ങളില്‍ മന്ത്രി കെ. രാധാകൃഷ്ണന്റെ പേരാണുള്ളത്. നേരത്തെ പ്രിന്റ് ചെയ്ത ചോദ്യങ്ങളും ഉത്തരങ്ങളുമായതിനാലാണ് മുന്‍ മന്ത്രിയുടെ പേര് ഉണ്ടായിരുന്നത്. മന്ത്രിയെന്ന ചുമതലയില്‍ ഒ.ആര്‍ കേളുവിന്റെ ആദ്യ നിയമസഭാ സമ്മേളനവും ആദ്യ ദിവസവുമായിരുന്നു ഇന്ന്. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ.ആര്‍ കേളുവിന്റെ നിയമസഭയിലെ ഇരിപ്പിടം ട്രഷറി ബെഞ്ചില്‍ രണ്ടാം നിരയിലാണ്.