കൊച്ചി: ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത മേഖലകളിലെ സ്ത്രീകൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഡബ്ബാ സേവിങ്സ് അക്കൗണ്ട് പദ്ധതിക്ക് രാജ്യാന്തര പുരസ്കാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർഗാത്മക ആശയങ്ങളുടെ മത്സര വേദിയായ കാൻസ് ലയൺസ് ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ ഇസാഫിന്റെ ഈ പദ്ധതിക്ക് വെങ്കല മെഡൽ ലഭിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന വിഭാഗത്തിലാണ് ഡബ്ബാ സേവിങ്സ് അക്കൗണ്ട് പദ്ധതി അംഗീകരിക്കപ്പെട്ടത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇസാഫ് ബാങ്ക് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ചുരുങ്ങിയ കാലയളവിൽ, സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത ആയിരക്കണക്കിന് ഗ്രാമീണ വനിതകളാണ് ഈ പദ്ധതിയിലൂടെ മികച്ച ബാങ്കിങ് സേവനങ്ങളുടെ ഭാഗമായത്. കയ്യിൽ ബാക്കി വരുന്ന പണം വീട്ടിലെ അരി സംഭരണിയിൽ (ഡബ്ബ) രഹസ്യമായി ഒളിപ്പിച്ചുവയ്ക്കുന്ന സ്ത്രീകളുടെ പരമ്പരാഗത രീതിയെ സർഗാത്മകമായി ഉപയോഗപ്പെടുത്തിയാണ് ഇസാഫ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്.
ഇതിനായി അയൽക്കൂട്ടങ്ങൾ വഴി ഇസാഫ് ബാങ്ക് പ്രത്യേകം തയ്യാറാക്കിയ ഡബ്ബകൾ സ്ത്രീകൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഈ ഡബ്ബകളിൽ അരിക്കൊപ്പം പണം കൂടി സൂക്ഷിക്കാൻ പ്രത്യേക രഹസ്യ അറയും ഒരുക്കിയിരുന്നു. ഓരോ വീടുകളിലും ഈ ഡബ്ബയിൽ ശേഖരിക്കുന്ന പണം എല്ലാ മാസവും ബാങ്ക് ജീവനക്കാരെത്തി അക്കൗണ്ടിൽ ചേർക്കും. നിരവധി സ്ത്രീകൾക്ക് ഈ പദ്ധതി വഴി ബാങ്കിങ് സേവനമെത്തിക്കാൻ ഇസാഫിന് കഴിഞ്ഞു. മൈക്രോ എടിഎം സേവനം ലഭ്യമായ കടകളിൽ നിന്ന് അധാർ ബയോമെട്രിക് സംവിധാനം വഴി വിരലടയാളം ഉപയോഗിച്ച് പണം പിൻവലിക്കാനും ഈ അക്കൗണ്ട് ഉടമകള്‍ക്ക് കഴിയും. വലിയ വിജയമാതോടെ ഈ പദ്ധതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസാഫ് ബാങ്ക്.
“സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ലഘു സമ്പാദ്യങ്ങൾ മൈക്രോ ബാങ്കിങ്ങിന്റെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാൻ ഡബ്ബാ സേവിങ്സ് അക്കൗണ്ടിലൂടെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് സാധിച്ചു. സുരക്ഷിതമായ സേവിങ്സ് പദ്ധതിയെന്ന നിലയിൽ, ഡബ്ബാ സേവിങ്സ് അക്കൗണ്ടിന്റെ ഗുണങ്ങൾ രാജ്യവ്യാപകമാക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്.”- ഇസാഫ് സ്മോൾ ഫിനാൻസ് എംഡിയും സിഇഓയുമായ കെ. പോൾ തോമസ് പറഞ്ഞു.