Kerala

ഉണക്ക കപ്പയും, കാന്താരി മുളകു ചമ്മന്തിയും ഇനി അമേരിക്കയില്‍ കിട്ടും

സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്, ആദ്യ കണ്ടെയ്നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

അമേരിക്കയില്‍ എന്താണ് കിട്ടാത്തത്. ലോകത്തിലെ എല്ലാ സാധനങ്ങളും അമേരിക്കയില്‍ കിട്ടും. ഒന്നിനും ഒരു മുട്ടും ഉണ്ടാകില്ല എന്നാണ് ധരിച്ചു വെച്ചിരിക്കുന്നതെങ്കില്‍ തെറ്റി. അവിടെ കാന്താരിമുളകരച്ച ചമ്മന്ചി കിട്ടുമോ?. നല്ല ഉണക്കകപ്പ പുഴുങ്ങിയത് കിട്ടുമോ?. ഇല്ലല്ലോ ?. ‘കിട്ടും, കപ്പയും കിട്ടും, ഉണക്ക കപ്പയും കിട്ടും, ചമ്മന്തി അരച്ച് തിന്നേം ചെയ്യാം കോയാ’. ഇതാ കേരളത്തില്‍ നിന്നും സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെയുള്ളതെല്ലാം അങ്ങോട്ടേക്ക് കയറ്റി അയയ്ക്കുകയാണ്.

അമേരിക്കയും ഇനി കേരളം പോലെയാകുമെന്നുറപ്പിക്കാം. എന്തൊക്കെയാണ് കയറ്റി അയയ്ക്കുന്നതെന്ന് അറിയാമോ?. തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി. കാക്കൂര്‍ സഹകരണ സംഘത്തിന്റെ ശീതികരിച്ച മരച്ചീനിയും ഉണക്കിയ മരച്ചീനിയും. വാരപ്പെട്ടി സഹകരണ സംഘത്തിന്റെ മസാലയിട്ട മരച്ചീനിയും ബനാന വാക്വം ഫ്രൈയും റോസ്റ്റഡ് വെളിച്ചെണ്ണയും ഉണക്കിയ ചക്കയുമാണ് കടല്‍ കടക്കാന്‍ പോകുന്നത്. അമേരിക്കയില്‍ കേരളത്തിന്റെ തനതു ഫുഡ് ലൈവായി കിട്ടുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ.

അതാണ് കേരളത്തിന്റെ സഹകരണ വകുപ്പും, അതിന്റെ മന്ത്രിയും. ആദ്യ പടിയായി അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉത്പ്പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു കഴിഞ്ഞു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഉത്പ്പന്നങ്ങള്‍ അടങ്ങിയ കണ്ടെയ്നര്‍ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി.

ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌ക്കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 3 സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ്, കാക്കൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍, കയറ്റുമതി കോ ഓഡിനേറ്റര്‍ എം.ജി രാമകൃഷ്ണന്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ജയന്‍ചന്ദ്രന്‍, ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍, മഠത്തില്‍ എക്സ്പോര്‍ട്ടേഴ്സ് പ്രതിനിധികള്‍, കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്ന മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍.എല്‍.പി(എം.ഡി.എഫ്)കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.