ഡെറാഡൂൺ : എയർപോർട്ട് അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വിമാനത്താവളത്തിലെ ഔദ്യോഗിക വസതിയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കാണാതായതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
കിടപ്പുമുറിയിൽ സീലിംഗ് ഫാനിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ധരിച്ചിരുന്നത് സ്ത്രീകളുടെ വേഷമാണെന്നതാണ് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. സ്ത്രീകളുടെ മാക്സിയും അടിവസ്ത്രങ്ങളുമാണ് മൃതദേഹത്തിൽ ധരിച്ചിരിക്കുന്നത്. കൂടാതെ കയ്യിൽ വളകളും ചുണ്ടിൽ ലിപ്സ്റ്റിക്കും നെറ്റിയിൽ പൊട്ടുമുണ്ട്. ഇയാളുടെ ഭാര്യ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇവർ പിത്തോർഗഢിൽ അദ്ധ്യാപികയായി ജോലി ചെയ്യുകയാണ്.
“ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുറിയിലേക്ക് ആരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളില്ല, വാതിൽ ഇയാൾ അകത്തുനിന്നും പൂട്ടിയിരുന്നു. മുറിക്കുള്ളിലും ബലപ്രയോഗങ്ങൾ നടന്നതായുള്ള തെളിവുകളില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്,” ഉദ്ദംസിംഗ് നഗർ പൊലീസ് പറഞ്ഞു.