തൊടുപുഴ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അജി സി.റ്റി-യും ഏജന്റായ റോഷനും എയ്ഡഡ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ് നെസ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടിയിലായി. തൊടുപുഴ ബി.റ്റി.എം. എല്‍.പി സ്‌കൂളിന് വേണ്ടി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിനായി സ്‌കൂള്‍ മാനേജര്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ മാസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും പല കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്നലെ മാനേജര്‍ ഫോണ്‍ മുഖാന്തിരം അജി.സി.റ്റിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഇന്ന്ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. മാനേജര്‍ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോള്‍ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാല്‍ മതിയെന്നും അറിയിച്ചു. തുടര്‍ന്ന് ഈ വിവരം വിജിലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സ്‌കൂള്‍ മാനേജര്‍ അഡ്മിനിസ്‌ട്രേറ്ററോട് ആവശ്യപ്പെടുകയും അഡ്മിനിസ്‌ട്രേറ്റര്‍ ആ വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ബിജോ അലക്‌സാണ്ടറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി 3.30 മണിയോടെ തൊടുപുഴ മുനിസിപ്പാലിറ്റി ഓഫീസില്‍ വച്ച് പരാതിക്കാരനായ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ പക്കല്‍ നിന്നും ഏജന്റായ റോഷന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഏജന്റിനേയും അസി. എഞ്ചിനീയറായ അജി.സി.റ്റി-യെയും വിജിലന്‍സ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ ഡി.വൈ.എസ്.പി-യെ കൂടാതെ പോലീസ് ഇന്‍സ്‌പെക്ടര്‍മാറായ ടിപ്‌സണ്‍ തോമസ് മേക്കാടന്‍, ഷിന്റോ.പി.കുര്യന്‍, ഫിലിപ് സാം, ഷെഫീര്‍ ,പ്രദീപ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സഞ്ജയ്, ബിജു വര്‍ഗ്ഗീസ്, ബിജു കുര്യന്‍, പ്രമോദ്, സ്റ്റാന്‍ലി തോമസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ ബേസില്‍, കുര്യന്‍, ഷിനോദ്, സന്ദീപ്, മുഹമ്മദ് എന്നിവരും ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി.കെ.വിനോദ് കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.