വയനാട്: തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി. മക്കിമല മേഖലയിലാണ് കുഴി ബോംബ് കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥിരമായി പരിശോധനകൾക്കും മറ്റും എത്തുന്ന വഴിയിലാണ് കുഴി ബോംബ് കണ്ടെത്തിയത്. മാവോയിസ്റ്റുകൾ സ്ഥിരമായി വന്നു പോകുന്ന മേഖലയിലാണ് കുഴി ബോംബ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
തണ്ടർബോൾട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. വനത്തിനോട് ചേർന്ന് ഫെൻസിങ് ഉള്ളിടത്താണ് കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്ഥലത്ത് ഫെൻസിങ് പരിശോധിക്കാൻ പോയ വനം വാച്ചർമർക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.
ബോംബ് സക്വാഡ് സ്ഥലത്തെത്തി എല്ലാം നിർവീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തില്‍ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്.
മാവോയിസ്റ്റുകളാണോ കുഴി ബോംബ് വച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.