വിശുദ്ധ കഅ്ബയുടെ പുതിയ താക്കോൽസൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുൽവഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബിയെ തെരഞ്ഞെടുത്തു. താക്കോൽസൂക്ഷിപ്പുകാരനായിരുന്ന അൽ ശൈബി കുടുംബത്തിലെ മുതിർന്ന അംഗം ശൈഖ് സ്വാലിഹ് അൽശൈബി കഴിഞ്ഞ ദിവസം അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സൂക്ഷിപ്പുകാരനെ തെരഞ്ഞെടുത്തത്.
താക്കോൽ കൂട്ടം പുതിയ മേധാവിക്ക് കൈമാറി. പ്രവാചകനാണ് അൽ ശൈബി കുടുംബത്തിന് താക്കാൽ കൈമാറിയിരുന്നത്. ഈ കുടുംബമാണ് താക്കോൽസൂക്ഷിപ്പുകാരനെ നിശ്ചയിക്കാറുള്ളത്. മക്കയിൽ വെച്ച് നടന്ന ഔപചാരിക ചടങ്ങിൽ താക്കോൽ കൂട്ടം ശൈഖ് അബ്ദുൽവഹാബ് അൽശൈബിക്ക് കൈമാറി. കഅ്ബയുടെ പ്രധാന വാതിൽ, മേൽക്കൂരയിലേക്കുള്ള വാതിൽ, കഅ്ബയുടെ അകത്തുള്ള പെട്ടി, മഖാമു ഇബ്രാഹിം എന്നിവയുടെ താക്കോൽ എന്നിവയാണ് കൈമാറിയത്. മഖാമു ഇബ്രാഹിമിന്റെ സ്‌ക്രൂഡ്രൈവറും ഇതോടൊപ്പം കൈമാറി.
കഅ്ബ തുറക്കലും അടയ്ക്കലും, ശുചീകരണം, കിസ്വ അണിയിക്കൽ, കഅ്ബക്കകത്തേക്ക് സന്ദർശകരെ സ്വീകരിക്കൽ തുടങ്ങിയവയെല്ലാം സംരക്ഷകന്റെ ചുമതലയാണ്. ‘ഇത് പ്രധാനപ്പെട്ട ചുമതലയാണ്. അത് നല്ല രീതിയിൽ നിർവഹിക്കാനുള്ള ആരോഗ്യം ദൈവം എനിക്ക് നൽകട്ടെ. സൗദി ഭരണാധികാരികളുടെ മേൽനോട്ടത്തിലായിരിക്കും ഈ ചുമതല’ ശൈഖ് അബ്ദുൽ വഹാബ് അൽ ശൈബി പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിയാണ് മക്ക കീഴടക്കിയ ശേഷം കഅ്ബയുടെ താക്കോൽ കൂട്ടം അതിന്റെ പരമ്പരാഗത സംരക്ഷകരായിരുന്ന അൽ ശൈബി കുടുംബത്തിന് തിരിച്ചേൽപ്പിക്കുന്നത്.