പൂനെ: പൂനെയില്‍ ആഡംബര കാറായ പോര്‍ഷെ ഇടിച്ച് രണ്ട് ഐ ടി ജീവനക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ച 17 കാരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കുറ്റകൃത്യം ഗൗരവമുള്ളതാണെങ്കിലും കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ഭാരതി ഡാഗ്രേ, ജസ്റ്റിസ് മഞ്ജുഷ ദേഷ്പാണ്ഡെ എന്നിവരടങ്ങിയ ബഞ്ജാണ് കേസ് പരിഗണിച്ചത്.
17 കാരന്റെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് വിധി വന്നത്. മാതാപിതാക്കളും മുത്തച്ഛനും കേസില്‍ അറസ്റ്റിലായതിനാല്‍ കുട്ടിയുടെ സംരക്ഷണ ചുമതല ഈ ബന്ധുവിനാണ്.
കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. അതിനാൽ, 17-കാരനെ കുടുംബത്തോടൊപ്പം വിടണം. കുട്ടിയെ നല്ല നിലയിലാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കുട്ടിയെ ഒരു മനഃശാസ്ത്രജ്ഞൻ്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
മേയ് 19-ന് പുലര്‍ച്ചെ 2.15-ഓടെയാണ് 17-കാരന് ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടത്. പുണെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ (24) അനീഷ് ആവാഡിയ (24) എന്നിവര്‍ക്കാണ് സംഭവത്തില്‍ ജീവന് നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന് അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.