Celebrities

കല്‍ക്കിയിലെ റോള്‍ വേണോ വേണ്ടയോ എന്ന് ഒരു വര്‍ഷത്തോളം ആലോചിച്ചെന്ന് കമലഹാസന്‍; കാരണം എന്താണെന്നോ?

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘കല്‍ക്കി2898എഡി’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. കല്‍ക്കിയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് കമലഹാസന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറല്‍ ആയിരിക്കുന്നത്. ചിത്രം ചെയ്യണോ വേണ്ടയോ എന്ന് വലിയ സംശയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമലഹാസന്‍. ഒരു വര്‍ഷം എടുത്തു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു

ചിത്രത്തിലേക്ക് കമല്‍ ഹാസനെ എത്തിക്കാന്‍ ഏറെ പാടുപെട്ടുവെന്നാണ് നിര്‍മാതാക്കളായ പ്രിയങ്കയും സ്വപ്‌ന ദത്തും പറഞ്ഞത്. വളരെ സാഹസപ്പെട്ടാണ് കമലിനെ ഇക്കാര്യത്തില്‍ സമ്മതിപ്പിച്ചതെന്നും അവര്‍ പറയുന്നു. അദ്ദേഹം വളരെ സംശയത്തിലായിരുന്നുവെന്ന് പ്രഭാസും ചൂണ്ടിക്കാട്ടി. ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു കമലിന്റെ മറുപടി. ‘എനിക്ക് എന്നെക്കുറിച്ചുതന്നെ സംശയം ഉണ്ടായിരുന്നു. ഞാന്‍ എന്താണ് ചെയ്യുക? അതായിരുന്നു കാരണം. വില്ലന്‍ വേഷങ്ങള്‍ ഞാന്‍ നേരത്തെ ചെയ്തിട്ടില്ല എന്നല്ല, പ്രധാന വില്ലനായും സൈക്കോ പാത്തായും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വ്യത്യസ്തമാണ്’, കമലഹസന്‍ പറഞ്ഞു.

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിന്‍. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്.