കങ്കണ റണൗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘എമര്‍ജന്‍സി’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ചിത്രത്തിലെ നായികയും കങ്കണ തന്നെയാണ്. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ ചിത്രത്തില്‍ വേഷമിടുന്നതെന്നതാണ് പ്രത്യേകത. റിതേഷ് ഷായാണ് എമര്‍ജന്‍സിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കിയിരിക്കുന്നത്. സഞ്ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരാണ് വേഷമിടുന്നത്. ഛായാഗ്രാഹണം ടെറ്റ്‌സുവോ നഗാത്തയാണ് നിര്‍വഹിക്കുന്നത്.
ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രമൊരുക്കിയതെന്ന് നടി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉദ്വേഗജനകമായ അധ്യായമാണിതെന്നും ഇന്ദിരാഗാന്ധിയായാണ് ചിത്രത്തില്‍ എത്തുന്നതെന്നും കങ്കണ പറഞ്ഞു. 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള 21 മാസങ്ങളമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
എമര്‍ജന്‍സി നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്. കങ്കണ റണൗട് നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് തേജസാണ്. വമ്പന്‍ പരാജയമായിരുന്നു തേജസ്. സംവിധായകന്‍ സര്‍വേശ് മേവരയാണ്. റോണി സ്‌ക്ര്യൂവാലയാണ് തേജസിന്റെ നിര്‍മാണം. കങ്കണ റണൗട്ട് നായികയായ ആക്ഷന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം ഹരി കെ വേദാന്തമാണ്. സംഗീതം നിര്‍വഹിച്ചത് ശാശ്വത് സച്ച്‌ദേവും മറ്റ് കഥാപാത്രങ്ങളായി അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയുമുണ്ടായിരുന്നു.