Kerala

പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ എം വി നികേഷ് കുമാര്‍; മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു

കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.

‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.

ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച നികേഷ്, റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തനത്തിന് അവധി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടു.

സിഎംപി നേതാവും മുൻ മന്ത്രിയുമായ എം.വി രാഘവന്റെ മകനായ നികേഷ് കുമാർ ഏഷ്യാനെറ്റിൽ റിപ്പോർട്ടറായാണ് മാധ്യമപ്രവർത്തന ലോകത്തേക്ക് എത്തുന്നത്. പിന്നീട്, ഇന്ത്യാവിഷൻ ചാനൽ ആരംഭിച്ചപ്പോൾ അതിന്റെ സിഇഒ ആയി. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതോടെ റിപ്പോർട്ടർ ചാനൽ ആരംഭിക്കുകയും ചീഫ് എഡിറ്ററായി സേവനം തുടരുകയും ചെയ്തു. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്.