മൂന്നാര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പഴയ മൂന്നാര്‍ സിഎസ്ഐ ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച ക്യാമ്പിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്
ദേവികുളം സബ് കളക്ടര്‍ വിഎം ജയകൃഷ്ണന്‍ ക്യാമ്പില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെയാണ് നിരോധനം.
ഇന്ന് തീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.