ന്യൂഡൽഹി: ബുധനാഴ്ച നടക്കുന്ന ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിലെ എം.പിമാരുടെ ഹാജർ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകി കേന്ദ്രമന്ത്രി അമിത് ഷാ, ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് പത്രിക സമർപ്പിച്ചതോടെയാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഉറപ്പായത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം സഖ്യകക്ഷികളെ കൂടെ ചേർത്ത് ഇന്ത്യ സഖ്യവും മത്സരത്തെ ശക്തമായാണ് നേരിടാനൊരുങ്ങുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രി ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരുന്നുണ്ട്.
സ്ഥാനാർത്ഥിയെ കുറിച്ച് കോൺഗ്രസ് അറിയിച്ചില്ലെന്ന് തൃണമൂലും എൻ.സി.പിയും ഉൾപ്പെടെ വിമർശനം ഉയർത്തുന്നതിനിടെയാണ് യോഗം. മുന്നണിയിൽ ചർച്ച നടത്താതെയാണ് നാമനിർദ്ദേശ പത്രിക നൽകിയതെന്ന് സഖ്യകക്ഷികൾ ആരോപിച്ചിരുന്നു. കോൺഗ്രസിന്റേത് ഏകപക്ഷീയമായ തീരുമാനമായിരുന്നു എന്നാണ് തൃണമൂലും എൻ.സി.പിയും വിമർശിച്ചത്.
ബുധനാഴ്ച 11 മണിക്കാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് ഇന്ത്യ സഖ്യത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷ് നാമനിർദേശപത്രിക സമർപ്പിച്ച മത്സരത്തിലേക്ക് നീങ്ങിയത്. 543 അംഗ പാർലമെന്റിൽ 293 പേരുടെ പിന്തുണയാണ് എൻ.ഡി.എ. സഖ്യത്തിനുള്ളത്. 234 പേരാണ് ഇന്ത്യ സഖ്യത്തിനൊപ്പമുള്ളത്.